കണ്ണൂർ; മുഖ്യമന്ത്രി പിണറായി വിജയൻറെ കളിമൺ ശിൽപ്പം ഒരുങ്ങുന്നു. പ്രശസ്ത കലാകാരനും ശിൽപ്പിയുമായ ജോജു പുന്നാടാണ് ശിൽപ്പം നിർമ്മിക്കുന്നത്. സർക്കാരിൻറെ വികസന നേട്ടങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പരിപാടിക്ക് വേണ്ടിയാണ് ശില്പം നിർമ്മിച്ചിട്ടുളളതെന്നാണ് റിപ്പോർട്ടുകൾ. കളിമണ്ണിലാണ് ശില്പം പണികഴിപ്പിക്കുന്നത് . ഇതിന്റെ മോൾഡെടുത്ത് ഫൈബറിൽ കാസ്റ്റ് ചെയ്തായിരിക്കും പൊതുപരിപാടികളിൽ പ്രദർശിപ്പിക്കുക.
തുടർഭരണത്തിലെ നേട്ടങ്ങൾ ഉയർത്തികാണിക്കാനായി നടത്തുന്ന സർക്കാർ പരിപാടികൾക്കായാണ് മുഖമന്ത്രിയുടെ അർദ്ധകായ ശില്പം നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്. വികസനപ്രവർത്തനത്തിനായുള്ള പദ്ധതിയുടെ ഭാഗമായാണ് ശില്പ നിർമ്മാണം തന്നെ ഏൽപിച്ചതെന്നാണ് ജോജു പറയുന്നത്. അർദ്ധകായ ശില്പം വേണമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അതേ രീതിയിൽ തന്നെ അത് ചെയ്തെടുത്തുവെന്നും ജോജു പുന്നാട് പറയുന്നു. രണ്ടാഴ്ചയോളമായി ശില്പനിർമ്മാണം തുടങ്ങിയിട്ട്. ശില്പത്തിൻറെ അവസാന ഘട്ട മിനുക്കുപണികൾ കൂടിയാണ് ഇനി അവശേഷിക്കുന്നത്.
ഇതിനോടകം തന്നെ അനേകം ദൈവങ്ങളുടെ ശില്പങ്ങൾ നിർമ്മിച്ച ആളാണ് ജോജു. പക്ഷിമൃഗാദികളുടെയും ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ ശില്പങ്ങൾ നിർമ്മിക്കുന്നതെന്ന് ജോജു പറയുന്നു. അതിന് ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതും മുഖ്യമന്ത്രി പിണറായിയെ പോലെ ഏറെ ആളുകൾ ബഹുമാനിക്കുന്ന ഒരാളുടെ പ്രതിമ എന്നു പറയുമ്പോൾ അത് വളരെ സൂഷ്മതയോടെ ചെയ്യേണ്ടതുണ്ടെന്നാണ് ശില്പി പറയുന്നത്. എന്നാൽ ഈ ശില്പം എവിടെ സ്ഥാപിക്കുമെന്നോ എങ്ങോട്ട് കൊണ്ടുപോകുമെന്നോ തനിക്ക് അറിവില്ലെന്നും ജോജി വ്യക്തമാക്കി.
Discussion about this post