ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന വാഹനമായ കിയ കാർണിവൽ ഇന്ത്യയിൽ വിൽപ്പന നിർത്തി. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു മുഖ്യമന്ത്രിക്ക് കാർണിവൽ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപ് തന്നെ കാർണിവലിന്റെ വിൽപ്പന കിയ നിർത്തുകയായിരുന്നു.
ഇന്നോവ ക്രിസ്റ്റയ്ക്ക് ശേഷം ടാറ്റ ഹാരിയറായിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി നിർദ്ദേശിച്ചിരുന്നത്. എന്നാൽ കാർണിവലാണ് സുരക്ഷയ്ക്ക് കൂടുതൽ നല്ലത് എന്ന പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് കിയ കമ്പനിയുടെ കാർണിവൽ വാഹനം മുഖ്യമന്ത്രിക്കായി വാങ്ങിയത്. നാൽപ്പത് ലക്ഷത്തോളം രൂപ ചിലവ് വരുന്ന വണ്ടിയാണിത്.
ടോയോട്ട ഇന്നോവയെ വിറപ്പിച്ചാണ് കിയ കാർണിവൽ ഇന്ത്യയിൽ എത്തിയത്. ഏഴ്, എട്ട് , ഒൻപത് സീറ്റിംഗ് ഓപ്ഷനുകളിലായിരുന്നു വാഹനം വിപണിയിൽ ഉണ്ടായിരുന്നത്. എന്നാൽ വിലക്കൂടുതലും അറ്റകുറ്റപ്പണികൾക്കുള്ള ചിലവും കാരണം ഇന്നോവയ്ക്ക് ബദലാകാനോ വെല്ലുവിളി ഉയർത്താനോ കാർണിവലിന് കഴിഞ്ഞില്ല.
കാർണിവൽ മോഡലിനെ കിയ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഡീലർഷിപ്പ് വഴി ഓർഡറുകൾ സ്വീകരിക്കുന്നതും നിർത്തിയിട്ടുണ്ട്. പുതിയ മോഡലുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് കാർണിവൽ നിർത്തിയതെന്നാണ് സൂചന.
Discussion about this post