കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമെന്ന പേരിൽ വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ നഷ്ടപരിഹാരം അടച്ച് തടിതപ്പി മന്ത്രി മുഹമ്മദ് റിയാസ്. 3,81,000 രൂപയിൽ 40,000 രൂപ അടിയന്തിരമായി അടച്ചാണ് മന്ത്രി കേസിൽ നിന്നും തലയൂരിയത്. ബാക്കി തുക ഉടൻ അടയ്ക്കും.
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് മന്ത്രി നടപടി നേരിട്ടിരിക്കുന്നത്. 2011 ൽ ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് കേന്ദ്രസർക്കാരിനെതിരെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. പോസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന റിയാസും സംഘവും കമ്പ്യൂട്ടറും കിയോസ്‌കും നശിപ്പിച്ചു. മറ്റ് സാധനങ്ങളും സമരക്കാർ അടിച്ച് തകർത്തിരുന്നു. ആക്രമണത്തിൽ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമായിരുന്നു പോസ്റ്റ് ഓഫീസിൽ ഉണ്ടായത്. ഇതോടെ പരാതിയുമായി പോസ്റ്റൽ ഡിപ്പാർട്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.
1,29,000 രൂപയുടെ നഷ്ടം ഉണ്ടായി എന്നും, ഇത് നൽകാൻ ഉത്തരവിടമെന്നും ആവശ്യപ്പെട്ട് വടകര സബ്‌കോടതിയെ ആണ് പോസ്റ്റൽ ഡിപ്പാർട്‌മെന്റ് സമീപിച്ചത്. സംഭവത്തിൽ റിയാസിനെ ഒന്നാം പ്രതിയാക്കി കേസ് എടുക്കാൻ നിർദ്ദേശിച്ച കോടതി പോസ്റ്റൽ ഡിപ്പാർട്‌മെന്റിന് അനുകൂലമായി ഉത്തരവും പുറപ്പെടുവിച്ചു. ഇതിനെതിരെ മുഹമ്മദ് റിയാസ് ജില്ലാ കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.
കോടതി വിധിയുണ്ടായി വർഷങ്ങൾ കഴിഞ്ഞിട്ടും റിയാസ് നഷ്ടപരിഹാരം നൽകിയിരുന്നില്ല. ഇത് കുടിശ്ശികയടക്കം മൂന്ന് ലക്ഷത്തിലധികമായി ഉയരുകയായിരുന്നു. തുക നൽകാത്തതിനെതിരെ പോസ്റ്റൽ വകുപ്പിന്റെ അഭിഭാഷകനായ അഡ്വ. എം രാജേഷ് കുമാർ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ മുഹമ്മദ് റിയാസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പിഴ ഒടുക്കിയത്.
Discussion about this post