കണ്ണൂർ: വീഡിയോകളിലൂടെ നിരന്തരം അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സംഭവത്തിൽ കണ്ണപുരം പോലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഇതിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടന്നേക്കുമെന്നാണ് സൂചന.
ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് തൊപ്പിയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. നിരന്തരം അശ്ലീലവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമർശങ്ങളെ തുടർന്ന് തൊപ്പിയ്‌ക്കെതിരെ നിരവധി സ്‌റ്റേഷനുകളിലാണ് ഇതിനോടകം തന്നെ പരാതി ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ കണ്ണപുരം പോലീസിന് ലഭിച്ച പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ഐടി നിയമത്തിലെ 57ാം വകുപ്പാണ് തൊപ്പിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് എന്നാണ് പോലീസ് അറിയിക്കുന്നത്.
അതേസമയം അശ്ലീല പരാമർശം നടത്തിയ കേസിൽ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്ത തൊപ്പിയുടെ ലാപ്‌ടോപ്പ് പരിശോധിച്ചുവരികയാണ്. സൈബർ പോലീസിന്റെ സഹായത്തോടെ മൊബൈൽ ഫോണും പരിശോധിക്കുന്നുണ്ട്. പരിശോധനയിൽ പുതുതായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ തൊപ്പിയ്‌ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്. തൊപ്പിയ്‌ക്കെതിരെ ഡിജിപിയ്ക്ക് ലഭിച്ച പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണം കൂടി നടക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് ഫ്‌ളാറ്റിൽ നിന്നും തൊപ്പിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. അടുത്തിടെ വളാഞ്ചേരിയെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ തൊപ്പി അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിലാണ് പോലീസ് കേസ് എടുത്ത് തൊപ്പിയെ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post