ന്യൂഡൽഹി : പട്‌നയിൽ മെഗാ പ്രതിപക്ഷ യോഗം സംഘടിപ്പിച്ച കോൺഗ്രസിന് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന് ഒറ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാകില്ലെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെൡയിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
”അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന്റെ കൊലപാതകം അനുഭവിച്ചറിഞ്ഞ നേതാക്കൾ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒന്നിക്കുന്നത് പരിഹാസ്യമാണ്. മോദിജിയെ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്. നരേന്ദ്ര മോദിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയില്ലെന്നും അവർക്ക് സഹായം ആവശ്യമാണെന്നും പരസ്യമാക്കിയതിന് കോൺഗ്രസിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു,” സ്മൃതി ഇറാനി പറഞ്ഞു.
1984ലെ കലാപവും അടിയന്തരാവസ്ഥയും മെയിന്റനൻസ് ഓഫ് ഇന്റേർണൽ സെക്യൂരിറ്റി ആക്ടുമാണോ കോൺഗ്രസിന്റെ സ്‌നേഹത്തിന്റെ ഉദാഹരണമെന്ന് വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നു. ”യോഗത്തിനെത്തിയ പല നേതാക്കളും പല കാര്യങ്ങളാണ് പറയുന്നത്. തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ചിലർ പറയുമ്പോൾ എന്റെ കാര്യം യോഗത്തിൽ ഉന്നയിച്ചില്ലെങ്കിൽ പിന്മാറുമെന്ന് ചില നേതാക്കൾ പറയുന്നു. ഇതാണ് പ്രതിപക്ഷ ഐക്യത്തിന്റെ അവസ്ഥ” സ്മൃതി പരിഹസിച്ചു.
Discussion about this post