പാലക്കാട്: ജോലി തട്ടാനായി മഹാരാജാസ് കോളേജിന്റെ പേരിൽ ചമച്ച വ്യാജ സർട്ടഫിക്കേറ്റ് പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയുടെ ഫോണിൽ തന്നെയുണ്ട് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ പരിശോധിച്ചുവരികയാണ്. ഇതുവരെയുള്ള പരിശോധനയിൽ നിന്നും നിർണായകമായ ഇ-മെയിലുകൾ വിദ്യ ഫോണിൽ നിന്നും നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു.
അറസ്റ്റിന് ശേഷം വിദ്യയുടെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഫോണിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോൺ പരിശോധിക്കുന്നത്. കേസിൽ ഏറ്റവും നിർണായക തെളിവാണ് വിദ്യ ചമച്ച എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ്. ഇത് കണ്ടെടുക്കാൻ വിദ്യയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
വ്യാജ രേഖയുമായി ബന്ധപ്പെട്ട ഇ-മെയിലുകളാണ് വിദ്യ ഡിലീറ്റ് ചെയ്തത് എന്നാണ് സംശയിക്കുന്നത്. ഇവ സൈബർ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ പൂർണമായും വീണ്ടെടുക്കാൻ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അതേ സമയം ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടത്തറ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞു വീഴുകയായിരുന്നു.
Discussion about this post