പാലക്കാട്: ജോലി തട്ടാനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം.
വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയ സംഭവത്തിൽ അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചിട്ടുള്ളത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം നൽകാൻ വിദ്യയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണം. കേരളം വിട്ട് പോകരുത്. പാസ്‌പോർട്ട് ഉൾപ്പെടെുള്ള രേഖകൾ കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.
താനൊരു സ്ത്രീയാണെന്നും പ്രായവും ആരോഗ്യവും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വിദ്യ കോടതിയോട് ആവശ്യപ്പെട്ടത്. ഏത് ജാമ്യവ്യവസ്ഥ വേണമെങ്കിലും പാലിക്കാമെന്നും കോടതിയോട് വിദ്യ അറിയിച്ചിരുന്നു. ഇതോടെയായിരുന്നു ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം കരിന്തളം കോളേജിന്റെ പരാതിയിൽ നീലേശ്വരം പോലീസും വിദ്യയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിൽ അറസ്റ്റുൾപ്പെടെ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post