ബംഗലൂരു; ബംഗലൂരു സ്‌ഫോടന കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങി. തിങ്കളാഴ്ച വൈകിട്ട് മഅദനി കേരളത്തിലേക്ക് തിരിക്കും. ചികിത്സയിലുളള പിതാവിനെ കാണാനാണ് മഅദനി കേരളത്തിലെത്തുന്നത്.
കർണാടക പോലീസിന്റെ സുരക്ഷയോടെ മഅദനിയെ കേരളത്തിലേക്ക് വിടാൻ സുപ്രീംകോടതി നേരത്തെ ജാമ്യവ്യവസ്ഥയിൽ ഇളവ് ചെയ്തിരുന്നു. എന്നാൽ സുരക്ഷയ്ക്കായുളള ചിലവ് മഅദനി സ്വയം വഹിക്കണമെന്ന് ആയിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇതിനാവശ്യമായ തുക അഡ്വാൻസായി കെട്ടിവെയ്ക്കണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ മഅദനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ വിസമ്മതിച്ചു. ഇതോടെ യാത്ര വൈകുകയായിരുന്നു. ഇതിനിടയിലാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതും കോൺഗ്രസ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതും. ഇതോടെ കേരളത്തിലേക്കുളള യാത്ര സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു മഅദനി.
സുരക്ഷാ ചിലവിന്റെ കാര്യത്തിൽ കർണാടക പോലീസ് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. തുകയിൽ സർക്കാർ ഇളവ് ചെയ്യുമെന്നാണ് സൂചന. 12 ദിവസം മഅദനിക്ക് കേരളത്തിൽ തുടരാം. ജൂലൈ 10 വരെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സുരക്ഷയ്ക്കായുളള പോലീസുകാരുടെ എണ്ണവും വെട്ടിക്കുറയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് മാസത്തിലധികം കേരളത്തിൽ താമസിക്കുമ്പോൾ പോലീസുകാരുടെ യാത്രാച്ചിലവും ഭക്ഷണവും ഉൾപ്പെടെ ഒരു കോടിയോളം രൂപ സുരക്ഷയ്ക്കായി ചിലവഴിക്കേണ്ടി വരുമെന്നാണ് കർണാടക പോലീസ് കണക്കുകൂട്ടിയിരുന്നത്. സുരക്ഷയ്ക്കായുളള പോലീസുകാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതോടെ ചിലവ് കുറച്ച് ഈടാക്കാനാണ് നിലവിൽ ആലോചിക്കുന്നത്.
Discussion about this post