കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലി തട്ടിയ സംഭവത്തിൽ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്.
വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നില്ല. ഇതിന് പുറമേ അന്വേഷണത്തോട് സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. വരുന്ന രണ്ട് ദിവസങ്ങളിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാജരേഖ ചമച്ച് ജോലി തട്ടിയ സംഭവത്തിൽ ഉച്ചയോടെയായിരുന്നു നീലേശ്വരം പോലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ചോദ്യം ചെയ്യലിനായി വിദ്യ നീലേശ്വരം പോലീസിന് മുൻപാകെ ഹാജരായിരുന്നു. ഇതിൽ വിദ്യ തെളിവ് നശിപ്പിച്ചതായി പോലീസിന് വ്യക്തമായി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിൽ വിദ്യയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പോലീസ് ചുമത്തിയിട്ടുണ്ട്.
Discussion about this post