തൃശ്ശൂർ: കേടശ്ശേരിയിൽ ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി സംസ്‌കരിച്ചു. പന്നിപ്പനിബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പന്നികളെ കൂട്ടത്തോടെ കൊന്നത്. പഞ്ചായത്തിലെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ചട്ടിക്കുളം ബാലൻപീടികയ്ക്ക് സമീപമുള്ള ഫാമിലെ പന്നികളിലാണ് പന്നിപ്പനിബാധ സ്ഥിരീകരിച്ചത്. വ്യാപിക്കാതിരിക്കാൻ ഫാമിലെ മുഴുവൻ പന്നികളെയും കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് രാവിലെ പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്‌കരിച്ചത്.
ഫാമിൽ 370 ഓളം പന്നികളാണ് ഉണ്ടായിരുന്നത്. ഇവയെ കൊന്നതിന് ശേഷം ഫാമിന് സമീപത്തെ വിജനമായ സ്ഥലത്ത് വലിയ കുഴിയെടുത്ത് കുഴിച്ചിടുകയായിരുന്നു. ഒരു കുഴിയിൽ 40 പന്നികൾ എന്ന കണക്കിലാണ് സംസ്‌കരിച്ചത്.
അതേസമയം വ്യാപകമായി പന്നിപ്പനിബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അതിയായ ആശങ്കയിലാണ് കർഷകർ. പന്നികളെ കൊന്നൊടുക്കുന്നതിലൂടെ ലക്ഷങ്ങളുടെ നാശനഷ്ടമാകും കർഷകർക്ക് ഉണ്ടാകുക. പന്നിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ ചെക്‌പോസ്റ്റ് വഴിയുള്ള പന്നിക്കടത്തിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post