കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. ശക്തമായ മഴയും കടൽക്ഷോഭവും കണക്കിലെടുത്താണ് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ ഇറങ്ങരുത് എന്നാണ് നിർദ്ദേശം.
പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ മണിക്കൂറുകളോളമാണ് ശക്തമായ മഴ തുടർന്നത്. ഇതേ തുടർന്ന് പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. മറ്റ് ജില്ലകളിലും സ്ഥിതി സമാനമാണ്.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. ഇന്നലെ മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
Discussion about this post