കണ്ണൂർ : വിവാദ യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശി രംഗത്ത്. തന്റെ മൊബൈൽ നമ്പർ തൊപ്പി പരസ്യപ്പെടുത്തിയെന്നും ഇപ്പോൾ ഈ നമ്പറിലേക്ക് വിളിച്ച് ആളുകൾ അസഭ്യ വർഷം നടത്തുകയാണെന്നുമാണ് പരാതി. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സജിയാണ് പരാതിയുമായി എസ്പിയെ സമീപിച്ചത്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് ഫോൺ കോളുകൾ എത്തുന്നത്. ഇതുകൊണ്ട് വളരെയധികം മാനസികപ്രയാസം നേരിടുന്നുവെന്നും സജി പറഞ്ഞു. സജിയ്ക്ക് കമ്പിവേലി നിർമിച്ചുകൊടുക്കുന്ന ജോലിയാണ്. കുപ്പിയുടെ സ്വദേശമയായ മാങ്ങാട് ഇയാൾ കമ്പിവേലി നിർമ്മിച്ചുകൊടുത്തിരുന്നു. ഒപ്പം തന്റെ മൊബൈൽ നമ്പറടക്കമുള്ള പരസ്യവും പതിച്ചിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ഈ പരസ്യം വീഡിയോയിൽ പകർത്തി നമ്പറിലേക്ക് വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുന്നതായി നിഹാദ് ചിത്രീകരിച്ചു. മറ്റാരോടൊ ആണ് നിഹാദ് സംസാരിച്ചത്. ഈ വീഡിയോ യൂട്യൂബ് ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഇതോടെ സ്ത്രീകളടക്കമുള്ളവർ തന്നെ നിരന്തരം വിളിക്കാനാരംഭിച്ചായി സജി പരാതിപ്പെട്ടു. അർദ്ധരാത്രി പോലും ഫോൺ കോളുകൾ എത്താറുണ്ട്. ഒരു ദിവസം നാൽപത് ഫോൺകോൾ വരെ വന്നിട്ടുണ്ട്. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നറിയിച്ചാലും വിളിക്കുന്നത് തുടരുകയാണ്. ജോലിയുടെ ഭാഗമായി പലരും വിളിക്കാറുള്ളതിനാൽ കോളുകൾ എടുക്കാതിരിക്കാനാവില്ലെന്നും സജി പറഞ്ഞു.
Discussion about this post