തിരുവനന്തപുരം: മസ്ജിദിൽ പെരുന്നാൾ പ്രാർത്ഥനയ്ക്കായി ക്ഷേത്രത്തിലെ മൈക്ക് ഓഫ് ചെയ്ത് മതസൗഹാർദ്ദത്തിന്റെ മാതൃകയായി പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി. മുസ്ലീം വിശ്വാസികളുടെ പെരുന്നാൾ ആഘോഷവേളയിലായിരുന്നു മതസൗഹാർദ്ദത്തിന്റെ അപൂർവ്വ നിമിഷങ്ങൾക്ക് ക്ഷേത്ര ഭരണസമിതി വഴിയൊരുക്കിയത്.
പെരുന്നാൾ നിസ്‌കാരത്തിനും പ്രഭാഷണത്തിനും സമയമായപ്പോൾ റോഡിന് മറുവശത്തുള്ള ഗണപതി ക്ഷേത്രത്തിൽ പൂജയുടെ സമയമായിരുന്നു. സാഹചര്യം മനസിലാക്കിയ ക്ഷേത്ര ഭരണസമിതി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദം ക്രമീകരിച്ച് മുസ്ലീം സഹോദരങ്ങൾക്ക് സുഗമമായ നിസ്‌കാരത്തിനും പ്രഭാഷണം ശ്രവിക്കാനും അവസരമൊരുക്കി.
ക്ഷേത്രത്തിൽ നിന്ന് പുറത്തേക്കുളള മൈക്ക് ഓഫ് ചെയ്താണ് ശബ്ദവിന്യാസം ക്രമീകരിച്ചത്. മുസ്ലീം വിശ്വാസികളുടെ വിശേഷ ദിവസമായ പെരുന്നാളിന്റെ പ്രാധാന്യം കണക്കിലെടുത്ത് ക്ഷേത്ര ഭരണസമിതി അവസരത്തിനൊത്ത് ഉചിതമായ തീരുമാനമെടുക്കുകയായിരുന്നു.
ക്ഷേത്രഭരണസമിതിയുടെ നടപടിയെ പ്രകീർത്തിച്ച് സമൂഹമാദ്ധ്യമങ്ങളിലടക്കം ധാരാളം പേർ രംഗത്തെത്തിക്കഴിഞ്ഞു.
Discussion about this post