കണ്ണൂർ: നഗരത്തിലെ കടകളിൽ ഒരേ സമയം മോഷണം. പത്ത് കടകളിലാണ് ഒരേ സമയം മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ ഹാജി റോഡ്, കാംബസാർ എന്നിവിടങ്ങളിലെ കടകളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. ഇവിടുത്തെ കടകളിൽ ഭൂരിഭാഗവും ഓട് മേഞ്ഞവയാണ്. ഓട് നീക്കി കമ്പിപ്പാര ഉപയോഗിച്ച് മച്ച് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്.
രാവിലെ കട തുറക്കാൻ എത്തിയ വ്യാപാരികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മച്ചുകൾ പൊളിച്ചതിനാൽ മഴ പെയ്ത് സാധനങ്ങൾ നനഞ്ഞിരുന്നു. ഇതേ തുടർന്ന് വൻ നാശനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്.
നഗരത്തിലും കടകളിലും സിസിടിവി ക്യാമറകൾ ഉണ്ട്. ഇവ തകർത്തും തുണി ഉപയോഗിച്ച് മറച്ചുമാണ് മോഷ്ടാക്കൾ മോഷണം നടത്തിയിട്ടുള്ളത്. കമ്പിപ്പാരയുമായി പോകുന്ന ഒരു മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
ഹാജി റോഡിലെ കെ പി എ സ്റ്റോർ, ബ്രദേഴ്‌സ് ട്രേഡ് ലിങ്ക്‌സ്, ലക്കി ട്രേഡേഴ്‌സ്, മുബാറക് സ്റ്റോർ, രഹ്ന പ്ലാസ്റ്റിക് ഗോഡൗൺ, റാം പ്രകാശ്, ശ്രീസദൻ ആയുർവേദ ഔഷധശാല, കണ്ണൂക്കരയിലെ കെ വി പ്രമോദിന്റെ ബനാന ഷോപ്പ്, ഇ എം വെജിറ്റബിൾ, അഖിൽ ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കാംബസാർ മാർക്കറ്റിൽ കക്കാട് സ്വദേശി ഹുസൈന്റെ ഉണക്ക മത്സ്യക്കടയിലെ മേശ കുത്തി തുറന്ന് ആറായിരം രൂപയോളം മോഷ്ടാവ് കൊണ്ടുപോയി. ഒരു സ്ഥാപനത്തിന്റെ ഷട്ടറിനും കേട് വരുത്തി.
Discussion about this post