തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് സ്വബോധമുളളവർ പറയില്ലെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് ഉൾപ്പെടെ തിരുവനന്തപുരത്താണെന്നും എംഎം മണി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ ഹൈബി ഈഡൻ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകളോട് പ്രതികരിക്കുകയായിരുന്നു എംഎം മണി.
എല്ലാ സ്ഥാപനങ്ങളും തിരുവനന്തപുരത്താണ്. ഇവിടുന്ന് തലസ്ഥാനം മാറ്റണമെന്ന് പറഞ്ഞാൽ പറയുന്ന ആളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണം. ഇവിടെ ഇല്ലാത്ത പ്രശ്‌നം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇവിടുത്തെ ആളുകളെ എതിരാക്കാനാണ് നിർദ്ദേശമെന്നും എംഎം മണി ആരോപിച്ചു.
പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കാനാണ് ഹൈബി ഈഡൻ നോട്ടീസ് നൽകിയത്. എന്നാൽ വിഷയത്തിൽ സാമ്പത്തിക ബാദ്ധ്യത പഠിച്ച് നിലപാട് അറിയിക്കാൻ ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കുകയായിരുന്നു. പ്രായോഗികമല്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുളളത്.
കേരളത്തിന്റെ വടക്കൻ മേഖലയിലുളളവർക്കും മദ്ധ്യകേരളത്തിലുളളവർക്കും തലസ്ഥാനത്ത് എത്താൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നുവെന്നും അതുകൊണ്ട് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്നുമാണ് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്. ഹൈബിയുടെ ആവശ്യത്തോട് വിയോജിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
Discussion about this post