തൃശൂർ; പുലികളിക്ക് മാത്രമല്ല തൃശൂരിലെ പെണ്ണുങ്ങൾ പുലികളാകുന്നത്. കൂട്ടത്തിലൊരാളെ ഒറ്റപ്പെടുത്തി വേട്ടയാടിയപ്പോൾ പുലിമടയിൽ നിന്ന് അവർ കൂട്ടത്തോടെ ഇറങ്ങി. അങ്ങനെ തൃശൂർ ഗിരിജ തിയറ്റർ വീണ്ടും ഹൗസ് ഫുൾ ആയി.വൈകിട്ട് മൂന്ന് മണിയുടെ ഷോയ്ക്കാണ് വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകൾ പിന്തുണയുമായി രംഗത്തെത്തിയത്.
സംരംഭകരുടെ സംഘടനയായ ചേംബർ ഓഫ് കൊമേഴ്‌സിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു വിവിധ സംഘടനയിലെ വനിതകൾ ഡോ. ഗിരിജയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർവ്വീസ് ചാർജ്ജ് എന്ന പേരിൽ ബുക്കിംഗ് ആപ്പുകൾ ഈടാക്കുന്ന തുക ഒഴിവാക്കി നേരിട്ട് വാട്‌സ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുളള സംവിധാനം ഏർപ്പെടുത്തിയതോടെയാണ് ഡോ. ഗിരിജയ്‌ക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്.
ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന അവർ അതിരൂക്ഷമായ സൈബർ ആക്രമണത്തിൽ മനംനൊന്താണ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്ക് മുൻപിലെത്തിയത്. 13 തവണ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റിപ്പോർട്ട് അടിച്ച് പൂട്ടിച്ചതായി ഇവർ പറഞ്ഞു. ഇൻസ്റ്റഗ്രാമും നഷ്ടപ്പെട്ടു. സൈബർ സെല്ലിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും മറഞ്ഞിരിക്കുന്ന എതിരാളികളെ പിടികൂടാൻ കഴിഞ്ഞില്ല. ഇതോടെ മാനസീകമായി തളർന്ന ഡോ. ഗിരിജ മാദ്ധ്യമങ്ങൾക്ക് മുൻപിൽ സങ്കടം തുറന്നുപറയുകയായിരുന്നു.
മൂന്ന് ദിവസം മുൻപ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ഡോ. ഗിരിജയ്ക്ക് ലഭിച്ചത്. നടനും മുൻ എംപിയുമായ സുരേഷ് ഗോപി അടക്കമുളളവർ ഡോ. ഗിരിജയെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ബുക്കിംഗ് ആപ്പുകളുടെ കടുത്ത മത്സരത്തിനിടയിലായിരുന്നു ഒരു രൂപ പോലും അധികം നൽകാതെ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാൻ ഡോ. ഗിരിജ അവസരം ഒരുക്കിയത്. മധുര മനോഹര മോഹം എന്ന ഷറഫുദ്ദീൻ ചിത്രമാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.
ആഴ്ചകൾക്ക് ശേഷം മനസമാധാനത്തോടെ താൻ ഉറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നുവെന്ന് ഡോ. ഗിരിജ പറഞ്ഞു. ഇത്രയും സ്ത്രീകൾ പിന്തുണയുമായി നേരിട്ടെത്തിയത് നൽകുന്ന ആത്മവിശ്വാസം വലുതാണ്. തന്റെ മുഖത്ത് ഇപ്പോൾ വിടർന്ന സന്തോഷത്തിനും ചിരിക്കും കാരണം മാദ്ധ്യമങ്ങളാണെന്നും അവരോട് നന്ദി പറയുന്നുവെന്നും തൊഴുകൈകളോടെ ഡോ. ഗിരിജ പറഞ്ഞു.
സംരംഭകയായ ഒരു സ്ത്രീയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും നാല് ദിവസം മുൻപ് ഗിരിജയെ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചിരുന്നതായും ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ വനിതാ അംഗങ്ങൾ പറഞ്ഞു. കുടുംബസ്വത്തായി ഡോ. ഗിരിജയ്ക്ക് ലഭിച്ചതാണ് തിയറ്റർ. ഒരു കാലത്ത് മോശം സിനിമകൾ മാത്രം കളിച്ചിരുന്ന തിയ്യേറ്റർ പിന്നീട് ജനപ്രിയ സിനിമകളുടെ പ്രദർശനത്തിലൂടെ കുടുംബചിത്രങ്ങളുടെ തിയ്യേറ്റർ എന്ന പേര് നേടിയതോടെയാണ് ശത്രുക്കളും വർദ്ധിച്ചത്.
Discussion about this post