തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പരിഹാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി. വി.മുരളീധരന്‍ ചിലപ്പൻകിളിയേപ്പോലെ ആണെന്നാണ് ശിവൻകുട്ടിയുടെ പരാമർശം. വി. മുരളീധരൻ കേരളത്തിൽ വരുന്നതുതന്നെ പ്രസ്താവന ഇറക്കാനാണെന്നും മുരളീധരൻ മുൻകൈയെടുത്തു കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ എന്നും ശിവന്‍കുട്ടി ചോദിച്ചു.ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ് മരളീധരനെന്ന് ശിവൻകുട്ടി പരിഹസിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പരാമർശത്തിലാണ് ശിവൻകുട്ടിയുടെ മറുപടി. എം.വി. ഗോവിന്ദനെ അപഹസിക്കാൻ എന്ത് അനുഭവസമ്പത്താണ് വി. മുരളീധരന് ഉള്ളതെന്നാണ് ശിവൻകുട്ടിയുടെ സംശയം. എം.വി. ഗോവിന്ദൻ മാസ്റ്റർ കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് . ആ ഗോവിന്ദൻ മാസ്റ്റർക്കെതിരെയാണ് വി.മുരളീധരൻ ആക്ഷേപം ഉന്നയിച്ചത്. മുരളീധരന് പൊതുജന പിന്തുണയില്ല. ജനകീയ തെരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി. മുരളീധരനെന്നും ശിവൻകുട്ടി പറഞ്ഞു.
നേരത്തെ വിദ്യാഭ്യാസ വകുപ്പിനെതിരായ പരാമർശത്തിലും ശിവൻകുട്ടിയും വി.മുരളീധരനും തമ്മിൽ വാക്പോര് നടന്നിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണ് എന്ന വി.മുരളീധരൻറെ പ്രസ്താവനയെ തുടർന്നായിരുന്നു അന്ന് തർക്കം നടന്നത്. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുക എന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ശീലമാക്കിയിരിക്കുകയാണെന്നാണ് ശിവൻകുട്ടി അന്നും പ്രതികരിച്ചത്.
Discussion about this post