കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾക്ക് നിരോധനം ഏർപ്പെടുത്തി താലിബാൻ. തലസ്ഥാനമായ കാബൂളിലും മറ്റ് പ്രവിശ്യകളിലുമാണ് സലൂണുകൾ നിരോധിച്ചത്. പുതിയ നിയമം നടപ്പിലാക്കുന്നതിനായി ബ്യൂട്ടി സലൂണുകളുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രാലയം കാബൂൾ മുനിസിപ്പാലിറ്റികളോട് നിർദ്ദേശിച്ചു. ഇതോടെ നിരവധി സ്ത്രീകളുടെ ജോലിയാണ് ഇല്ലാതാകുന്നത്.
പെൺകുട്ടികളെ സ്‌കൂളുകളിലും കോളേജുകളിലും പറഞ്ഞയയ്ക്കരുതെന്ന് താലിബാൻ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നെങ്കിലും പ്രയോജനം ഉണ്ടായില്ല. തുടർന്ന് സ്ത്രീകൾ ജോലിക്കായി പുറത്ത് പോകരുത് എന്ന നിർദ്ദേശവും പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ബ്യൂട്ടി സലൂണുകൾ ഉൾപ്പെടെ നിരോധിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇതോടെ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള അവസരം പൂർണമായും നിഷേധിക്കപ്പെടുകയാണ്. താലിബാൻ ഭരണകൂടം അഫ്ഗാനിൽ അധികാരം നേടിയെടുത്തതോടെ രാജ്യം കൊടും പട്ടണിയിലാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആളുകൾ സ്വന്തം മക്കളെ അടിമകളാക്കി വിൽക്കുന്ന സാഹചര്യമാണ്. യുവാക്കൾ ജോലിയില്ലാതെ നട്ടം തിരിയുകയാണ്. ആണുങ്ങൾക്ക് കുടുംബം നോക്കാൻ സാധിക്കാതെ വന്നതോടെ വീട്ടിലെ സ്ത്രീകളാണ് ബ്യൂട്ടി സലൂണുകളിൽ പോയി ജോലി ചെയ്യുന്നത്. എന്നാൽ സലൂണുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാകുമെന്ന അവസ്ഥയാണ്.
Discussion about this post