കോഴിക്കോട്: ഏകീകൃത സിവിൽ നിയമത്തെ എതിർക്കാനെന്ന പേരിൽ സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽ നിന്നും മുസ്ലിംലീഗും സി.പി.എമ്മും പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏകീകൃത സിവിൽ നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ലീഗിന്റെ പ്രചാരണം അവരുടെ കാപട്യം മറച്ചുവയ്ക്കാനാണ്. ഭരണഘടനയുടെ 44 ാം വകുപ്പിൽ ഏകീകൃത സിവിൽ നിയമം കൊണ്ടുവരണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്.
ഏകീകൃത സിവിൽ നിയമം കൊണ്ടുവരാത്തതിന് 1995 ൽ സുപ്രീംകോടതി രാജ്യത്തെ സർക്കാരിനെ വിമർശിച്ചതാണ്. രാഷ്ട്രീയമായി നേരിടും എന്ന ലീഗിന്റെ തീരുമാനം വർഗീയ ചേരിതിരിവുണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ്. ഇത് പൊതുസമൂഹം തിരിച്ചറിയണം. സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നത്. ഏകീകൃത സിവിൽ നിയമമില്ലാത്തത് ലിംഗവിവേചനം ഇല്ലാതാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും തടസ്സമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ ലീഗ് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത് എന്തുതരം മതേതരത്വമാണെന്ന് മനസിലാവുന്നില്ല.
മുമ്പെല്ലാം ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുകയും അതിന് വേണ്ടി രംഗത്തുവരികയും ചെയ്തവരാണ് സി.പി.എമ്മുകാർ. സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ ഏകീകൃത സിവിൽ നിയമത്തിനായി ശക്തിയായി വാദിച്ചതാണ്. എന്നാൽ ഇപ്പോൾ സി.പി.എം ഏകീകൃത സിവിൽ നിയമത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ്. കേരളത്തിൽ സി.പി.എം. മുസ്ലിംലീഗ് സഖ്യം തുടങ്ങാനിരിക്കുന്നതിന്റെ മുന്നോടിയാണ് സി.പി.എമ്മിന്റെ ചുവട് മാറ്റമെന്നും സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post