കണ്ണൂർ: മൊബൈലിൽ വിളിച്ച് ശ്രീകണ്ഠപുരം സ്വദേശിയെ അശ്ലീലം പറയുകയും ഇതിന്റെ വീഡിയോ യുട്യൂബിൽ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസ് എടുത്ത് പോലീസ്. കമ്പിവേലി നിർമ്മിച്ച് ഉപജീവനം നടത്തുന്ന സജി സേവ്യറിന്റെ പരാതിയിലാണ് കേസ്. ശ്രീകണ്ഠപുരം പോലീസാണ് നിഹാദിനെതിരെ കേസ് എടുത്തിട്ടുള്ളത്.
കമ്പിവേലി നിർമിച്ച് നൽകുമെന്ന് കാണിച്ച് സജി സേവ്യർ വൈദ്യുതി തൂണിലും മറ്റും ചെറിയ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നും നമ്പറെടുത്ത് നിഹാദ് ഫോണിൽ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു എന്നാണ് സജിയുടെ പരാതി. അശ്ലീലം പറയുന്ന സന്ദേശം നിഹാദ് യുട്യൂബിൽ പങ്കുവച്ചു. ഇതിനൊപ്പം സജിയുടെ നമ്പറും പങ്കുവച്ചിരുന്നു. ഇത് കണ്ട് ധാരാളം പേർ സജിയെ ഫോണിൽ വിളിച്ച് അശ്ലീലം പറയുകയായിരുന്നു.
ഏപ്രിലിലായിരുന്നു ഈ സംഭവം ഉണ്ടായത്. അന്ന് പരാതി നൽകിയെങ്കിലും നിഹാദിനെതിരെ കേസ് എടുക്കാൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ മാസം അശ്ലീല പദപ്രയോഗം നടത്തിയതിന്റെ പേരിൽ യൂട്യൂബർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുള്ളത്. അതേസമയം തന്നെ വിളിച്ച് അശ്ലീലം പറഞ്ഞവരിൽ ഭൂരിഭാഗവും 11നും 16 നും ഇടയിലുള്ള കുട്ടികൾ ആണെന്നാണ് സജി പറയുന്നത്.
Discussion about this post