ഉപയോക്താക്കളെ കഷ്ടപ്പെടുത്തുന്ന ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടി ട്വിറ്റര്‍ വിടാനൊരുങ്ങുന്നവരെ ചാക്കിട്ട് പിടിക്കുകയെന്ന ഉദ്ദേശവുമായി നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് ത്രെഡ്‌സ് പുറത്തിറങ്ങിയിരിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ ടെക്സ്റ്റ്-ബേസ്ഡ് കോണ്‍വര്‍സേഷന്‍ ആപ്പ് എന്നാണ് മെറ്റ ത്രെഡ്‌സിനെ വിശേഷിപ്പിക്കുന്നത്.
ട്വിറ്ററിന്റെ എതിരാളിയായി മാറുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ട്വിറ്റര്‍ നിയന്ത്രണങ്ങളില്‍ ഉപയോക്താക്കള്‍ ഏറെ അസ്വസ്ഥരായിരിക്കുന്ന ഈ ഘട്ടത്തില്‍ മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറിലാണ് ഇന്നലെ വൈകിട്ട് മെറ്റ ത്രെഡ്‌സ് പുറത്തിറക്കിയത്. നേരത്തെ ജൂലൈ ആറിന് (ഇന്ന്) പുതിയ ആപ്പ് പുറത്തിറക്കാനായിരുന്നു മെറ്റ നിശ്ചയിച്ചിരുന്നത്.
കാഴ്ചയില്‍ ട്വിറ്ററിന് സമാനമാണ് ത്രെഡ്‌സും. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ പോസറ്റ്് ചെയ്യാനും ലൈക്ക് ചെയ്യാനും മറുപടി നല്‍കാനും മറ്റുള്ളവരുടെ സന്ദേശങ്ങള്‍ റീപോസറ്റ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ത്രെഡ്‌സിലുണ്ട്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് വളരെ വേഗം ഒറ്റ ക്ലിക്കിലൂടെ ത്രെഡ്‌സില്‍ അതേ അക്കൗണ്ട് ഫോളോ ചെയ്യാനാകുമെന്നതാണ് മറ്റൊരു സവിശേഷത. ഇതിലൂടെ വളരെ വേഗം കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്കായി ഒരു ചീറ്റ് കോഡും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ബില്യണ്‍ കണക്കിന് ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ മുമ്പ് ത്രെഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍അപ്പ് ചെയ്യാനാകും.
ട്വിറ്റര്‍ വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ത്രെഡ്‌സ് പുറത്തിറങ്ങിയിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് നിരവധി പരസ്യദാതാക്കളും ഉപയോക്താക്കളും ട്വിറ്റര്‍ വിടുന്ന സ്ഥിതിവിശേഷമാണ് സമീപകാലത്തായി കണ്ടത്. ഏറ്റവുമൊടുവില്‍ പണമടയ്ക്കാതെ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദിവസം 600 ട്വീറ്റുകള്‍ എന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സൈബര്‍ ലോകത്ത് ഉയര്‍ന്നത്.
സോഷ്യല്‍ മീഡിയയില്‍ ട്വിറ്റര്‍ കില്ലര്‍ എന്ന രീതിയിലാണ് ഇപ്പോള്‍ ത്രെഡ്‌സ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ത്രെഡ്‌സിന്റെ വരവോടെ നിരവധി പേര്‍ ട്വിറ്റര്‍ വിടുമെന്ന ചിന്തയിലാണ് ഈ രീതിയിലുള്ള പ്രചരണം നടക്കുന്നത്.
നിലവില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ത്രെഡ്‌സ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇന്‍സ്റ്റഗ്രാമിലുള്ള അതേ പേര് ത്രെഡ്‌സിലും ഉപയോഗിക്കാനുള്ള സൗകര്യവും ആപ്പ് നല്‍കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ സേവനം എല്ല നിലയിലാണ് മെറ്റ ത്രെഡ്‌സിനെ അവതരിപ്പിക്കുന്നതെങ്കിലും കെട്ടിലും മട്ടിലും മറ്റൊരു ട്വിറ്ററാണ് ത്രെഡ്‌സ് എന്ന് പറയാം. ഒരേ സമയം നിങ്ങളുടെ പ്രിയപ്പെട്ട ക്രിയേറ്റര്‍മാരുമായും മറ്റുള്ളവരുമായും കണക്ട് ചെയ്യാനും ഫോളോ ചെയ്യാനുമുള്ള പ്ലാറ്റ്‌ഫോം എന്നാണ് കമ്പനി ത്രെഡ്‌സിനെ കുറിച്ച് പറയുന്നത്.
Discussion about this post