കൊച്ചി: കേരളത്തിലെ മുൻനിര ഓൺലൈൻ ചാനൽ ആയ മറുനാടൻ മലയാളിക്കെതിരെ ഇടതുപക്ഷ സർക്കാർ നടത്തുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വലിയ വെല്ലുവിളി ആണെന്ന് കുറ്റപ്പെടുത്തി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. അത്തരം നടപടികൾ ഉടൻ നിർത്തണമെന്ന് ഡിഎസ്‌ജെപി ആവശ്യപ്പെട്ടു.
മറുനാടൻ ഉടമ ഷാജൻ സ്‌കറിയക്ക് എതിരെ ഉള്ള പരാതിയിൽ സ്ത്രീകളുൾപ്പെടെ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെയും, അവരുടെ ബന്ധുക്കളുടെയും വീടുകളിൽ റേയ്ഡ് നടത്തി ഭീതി ജനിപ്പിച്ച് മാദ്ധ്യമങ്ങളുടെ വായടപ്പിക്കുന്നതിനു നടത്തുന്ന സർക്കാർ ശ്രമത്തെ പാർട്ടി അപലപിച്ചു.
മറുനാടന് മാത്രമല്ല, മറ്റു ചില ചാനലുകൾക്ക് എതിരെയും സമാനമായ നടപടികൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തിരമായി ഓൺ ലൈൻ ആയി യോഗം ചേർന്ന് ഈ വിഷയം ചർച്ച ചെയ്തു. മുഖ്യധാര മാദ്ധ്യമങ്ങളും, സാംസ്‌കാരിക നായകന്മാരും, മറ്റു രാഷ്ട്രീയ പാർട്ടികളും, ഇക്കാര്യത്തിൽ ശക്തിയായി ഇടപെടണമെന്നും, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഡിഎസ്ജെപി ആവശ്യപ്പെട്ടു.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയിൽ ഉറപ്പു നൽകിയിട്ടുള്ള സ്ഥിതിക്ക് സംസ്ഥാന സർക്കാർ ചെയ്യുന്ന ഇത്തരം നടപടികൾ അധികാര ദുർവിനിയോഗം ചെയ്യലാണെന്ന് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ വിമർശിച്ചു.
Discussion about this post