ഇന്റെര്‍നെറ്റ് ലോകത്ത് ഇപ്പോള്‍ ത്രെഡ്‌സാണ് സംസാരവിഷയം. തക്കം നോക്കി ട്വിറ്ററിന് പണി കൊടുക്കാന്‍ മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് ഒറ്റദിവസം കൊണ്ട് 50 ദശലക്ഷത്തിലേറെ ഉപയോക്താക്കളെയാണ് സ്വന്തമാക്കിയത്. ട്വിറ്ററിന്റെ കൊലയാളി ആപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ത്രെഡ്‌സ് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെയാണ് പ്രാഥമിക ഉപയോക്താക്കളായി ലക്ഷ്യമിടുന്നതെങ്കിലും ട്വിറ്ററില്‍ നിന്ന് ചാടാന്‍ കാത്തിരിക്കുന്നവരെ വല വീശിപ്പിടിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് വ്യക്തമാണ്. ട്വിറ്ററിന്റെ അതേ രൂപവും ഉപയോഗരീതിയും ഇതിന് തെളിവാണ്. ഇതില്‍ ട്വിറ്റര്‍ അസ്വസ്ഥരാണെന്നാണ് അവരുടെ പുതിയ ആരോപണം വ്യക്തമാക്കുന്നത്. ട്വിറ്ററിന്റെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ഹനിച്ചുവെന്ന പേരില്‍ ത്രെഡ്‌സിനെതിരെ കേസ് കൊടുക്കുമെന്നാണ് ട്വിറ്റര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകനായ അലെക്‌സ് സ്പിറോ മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിനെഴുതിയ കത്തില്‍, അദ്ദേഹം ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തും നിയമവിരുദ്ധമായി കൈക്കലാക്കിയെന്നാണ് ആരോപിക്കുന്നത്. സെമഫോര്‍ എന്ന വാര്‍ത്താ മാധ്യമമാണ് ഈ കത്ത് ആദ്യമായി പ്രസിദ്ധീകരിച്ചത്.
മെറ്റ, ഡസണ്‍ കണക്കിന് മുന്‍ ട്വിറ്റര്‍ ജീവനക്കാരെ ജോലിക്കാരായി നിയമിച്ചുവെന്നും ഇവര്‍ക്ക് ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലും മറ്റ് കമ്പനി രഹസ്യങ്ങളും അറിയാമായിരുന്നുവെന്നും ഇപ്പോഴും അവര്‍ക്കത് ലഭ്യമാണെന്നും കത്തില്‍ പറയുന്നു. ‘ബൗദ്ധിക സ്വത്തവകാശം കര്‍ശനമായി പിന്തുടരാനാണ് ട്വിറ്റര്‍ ഉദ്ദേശിക്കുന്നത്. മെറ്റ ഏതെങ്കിലും തരത്തില്‍ ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളോ മറ്റ് രഹസ്യ വിവരങ്ങളോ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അത് ഉടന്‍ അവസാനിപ്പിക്കണം’, കത്തില്‍ അലെക്‌സ് സ്പിറോ പറയുന്നു.
അതേസമയം കത്ത് വാര്‍ത്തയായപ്പോള്‍, മത്സരം നല്ലതാണെന്നും എന്നാല്‍ ചതി നന്നല്ലെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. അതേസമയം ത്രെഡ്‌സിലെ എഞ്ചിനീയര്‍മാരില്‍ ഒരാള്‍ പോലും ട്വിറ്ററിലെ മുന്‍ ജീവനക്കാരനല്ലെന്ന് മെറ്റ അവകാശപ്പെടുന്നു.
നിശ്ചച്ചതിലും ഒരു ദിവസം മുമ്പേ പുറത്തിറക്കിയ ത്രെഡ്‌സ് ആപ്പില്‍ ഒറ്റദിവസം കൊണ്ട് 50 ദശലക്ഷം സൈന്‍അപ്പുകളാണ് രേഖപ്പെടുത്തിയത്. മെറ്റയുടെ ജനപ്രിയ ഫോട്ടോ,വീഡിയോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമിന്റെ മറ്റൊരു സേവനമെന്ന നിലയിലാണ് എഴുത്തിനും പൊതുവായ ആശയവിനിമയത്തിനും പ്രാധാന്യം നല്‍കുന്ന തരത്തില്‍ ത്രെഡ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ആദ്യ മണിക്കൂറുകളില്‍ തന്നെ ഇത്രയധികം സൈന്‍അപ്പുകള്‍ ത്രെഡ്‌സില്‍ ഉണ്ടായതില്‍ അതിശയപ്പെടാനില്ലെന്നാണ് ടെക്കികള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലെ 2.35 ശതകോടി ഉപയോക്താക്കളില്‍ ചെറിയൊരു ശതമാനം അവര്‍ക്ക് വളരെ എളുപ്പത്തില്‍ സൈന്‍അപ് ചെയ്യാവുന്ന ത്രെഡ്‌സ് പരീക്ഷിച്ചുനോക്കിയെന്ന് മാത്രമേ തുടക്കത്തില്‍ കരുതാനാകൂ.
Discussion about this post