തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ മോഷണം. 100 പവന്റെ സ്വർണാഭരണം മോഷ്ടിച്ചു. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുടുംബം ഒന്നിച്ച് ക്ഷേത്രത്തിൽ പോയ തക്കം നോക്കിയായിരുന്നു മോഷ്ടാക്കൾ വീടിനുള്ളിലേക്ക് പ്രവേശിച്ചത്. വീടിന്റെ രണ്ടാം നിലയിലുള്ള അലമാരിയിൽ ആയിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ക്ഷേത്രത്തിൽ നിന്നും തിരിച്ചെത്തിയ ഇവർ രണ്ടാം നിലയിലേക്കുള്ള വാതിൽ തുറന്നു കടക്കുന്നതായി കണ്ടു. ഇതോടെ അകത്ത് പരിശോധിച്ചപ്പോഴായിരുന്നു സ്വർണം മോഷണം പോയതായി വ്യക്തമായത്.
മകന്റെ ഉപനയന ചടങ്ങുകൾക്ക് വേണ്ടിയാണ് ലോക്കറിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇതറിയാവുന്ന ആരോ ആണ് മോഷണം നടത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ബലപ്രയോഗത്തിലൂടെയല്ല വാതിൽ തുറന്നിരിക്കുന്നത്. റൂമിലെ സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വീട്ടുകാരുടെ പരാതിയിൽ പറയുന്നു.
വീട്ടുടമ രാമകൃഷ്ണൻ ദുബായിലാണ്. വിവരം അറിഞ്ഞതിന് പിന്നാലെ പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Discussion about this post