തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് സിപിഎമ്മിന്റെ പഠന ക്ലാസ്. മൂന്ന് ദിവസത്തെ പഠനക്യാമ്പ് വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ ഇന്ന് ആരംഭിക്കും. സിപിഎമ്മിന് തലവേദന തീർത്ത്, ഒന്നിന് പിന്നാലെ വിവാദങ്ങളിൽ അകപ്പെട്ടതോടെയാണ് എസ്എഫ്‌ഐയെ ‘ നല്ല പാഠം’ പഠിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചത്.
സംഘടന അവബോധം വളർത്തുന്നതിനും തെറ്റും നയവ്യതിയാനങ്ങളും തിരുത്തി സംഘടനയെ നേർവഴിക്ക് നയിക്കുന്നതും ലക്ഷ്യമിട്ടുമാണ് പഠന ക്ലാസ് സംഘടിപ്പിക്കുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മുതിർന്ന നേതാക്കൾ പഠന ക്ലാസിൽ പങ്കെടുക്കും.എസ്എഫ്‌ഐയിൽ തിരുത്ത് അനിവാര്യമാണെന്നും സംഘടനാ തലത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ക്ലാസ് നടത്തുന്നതെന്നാണ് വിവരം.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അടക്കം നിരവധി നേതാക്കളാണ് സംഘടനയ്ക്ക് കരിനിഴൽ വീഴ്ത്തിയത്. വിവാദങ്ങൾ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ സിപിഎമ്മിന് മുഖം രക്ഷിക്കാൻ പോലും കഴിയാതെയായി.കെ വിദ്യ ഉൾപ്പെട്ട മഹാരാജാസ് കോളേജ് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസ്, നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി, വിശാഖ് ഉൾപ്പെട്ട കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസ് അടക്കം എസ്എഫ്‌ഐയെ പ്രതികൂട്ടിലാക്കുകയും സിപിഎമ്മിന് നാണക്കേടുണ്ടാക്കുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങളിലടക്കം എസ്എഫ്‌ഐയ്ക്ക് വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് തിരുത്തലിനായി സിപിഎം നേരിട്ട് ഇടപെടുന്നത്.
Discussion about this post