മലപ്പുറം: ഒരു കാലഘട്ടത്തിലും സത്യസന്ധമായ സമീപനം എടുക്കാത്ത രാഷ്ട്രീയപാർട്ടിയാണ് സിപിഎമ്മെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. എല്ലാകാര്യത്തിലും കാപട്യവും ദുരുദ്ദേശവുമാണ് സിപിഎം വെച്ചുപുലർത്തുന്നത്. സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡ് സെമിനാറിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് കാപട്യമാണെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.
മത, രാഷ്ട്രീയ സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ഡേർട്ടി പൊളിറ്റിക്സാണ് സിപിഎം പയറ്റുന്നത്. എല്ലാ രാഷ്ട്രീയ നീക്കത്തിലും അവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ജനങ്ങളുമായോ സമൂഹവുമായോ ഒരു ബന്ധവുമില്ലാതെ സിപിഎം അവരുടെ നേട്ടം മാത്രം ലക്ഷ്യമാക്കിയാണ് നിലപാടുകൾ സ്വീകരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ഏകസിവിൽ കോഡ് വിഷയത്തെ മുസ്ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്നമായാണ് സിപിഎം കാണുന്നത്. സിപിഎമ്മിൻറെ ട്രാപ്പിൽ ലീഗ് വീഴില്ല. സിഎഎ വിഷയത്തിൽ സമരം നടത്തിയവർക്കെതിരായ കേസ് പിൻവലിക്കുമെന്ന് പറഞ്ഞ സി.പി.എം ഇതുവരെ വാക്കുപാലിച്ചിട്ടില്ല. ഇതുപോലെ എത്രയെത്ര കാര്യങ്ങളിൽ സിപി.എം ന്യൂനപക്ഷവിരുദ്ധ നിലപാട് സ്വീകരിച്ചതിന് തെളിവുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
Discussion about this post