ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിക്ക് പിന്തുണയുമായി രമ്യ ഹരിദാസ് എംപി രംഗത്ത്. മറുനാടനെ മാത്രമല്ല,
എതിർക്കുന്നവരെ മുഴുവൻ പൂട്ടിക്കുക എന്നത് കമ്മ്യൂണിസത്തിന്റെ വർഗ്ഗസ്വഭാവമാണെന്ന രമ്യ രിദാസ് വിമർശിച്ചു. ജനാധിപത്യവാദികൾ ഈ കെണിയിൽ വീഴരുത് എന്നും അവർ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തുക എന്നത് കമ്മ്യൂണിസത്തിന്റെ വർഗ്ഗ സ്വഭാവമാണ്. ക്യൂബയിലായാലും ചൈനയിലായാലും ഉത്തരകൊറിയയിലായാലും അധികാരമുള്ളിടത്തെല്ലാം കമ്മ്യൂണിസം ആദ്യം പയറ്റുന്ന അടവ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുക എന്നതാണ്. കേരളത്തിലും നിരവധി തവണ അതിന് ശ്രമമുണ്ടായി.
മറുനാടൻ മലയാളി പേജിൽ വരുന്ന എല്ലാ വാർത്തകളെയും കണ്ണടച്ചു വിശ്വസിക്കുന്ന ഒരാളല്ല താൻ, പക്ഷേ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടുണ്ട്. നമുക്കെതിരെ വാർത്തകൊടുക്കുന്നവരെ മുഴുവൻ ഒറ്റുകാരും നമ്മെ ദ്രോഹിക്കുന്നവരുമായി ചിത്രീകരിക്കുന്നത് ജനാധിപത്യത്തിൽ എത്രമാത്രം ശരിയാണെന്നും രമ്യ ഹരിദാസ് ചോദിച്ചു.
ആട്ടിൻ തോലണിഞ്ഞ കമ്മ്യൂണിസം ഒരുക്കുന്ന “കെണി” കൃത്യമായി തിരിച്ചറിയാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് പോലും കഴിയാതെ പോകുന്നു എന്നതാണ് സങ്കടകരം. മാദ്ധ്യമപ്രവർത്തകരായ ഷാനിപ്രഭാകറും വിനു.വി.ജോണും സിന്ധു സൂര്യകുമാറും സൈബർ വെട്ടുകിളികളുടെ ചൂടറിഞ്ഞവരാണ്. കാരണം സർക്കാറിന്റെ പല അഴിമതികഥകളും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യിച്ചത് ഇവരാണ്. സ്മൃതി പരുത്തിക്കാടും ടി.വി പ്രസാദുമൊക്കെ പഴയ കമ്മ്യൂണിസ്റ്റ് പിൻബലം ഉണ്ടായിട്ടു കൂടി സൈബറിടങ്ങളിൽ വ്യക്തിപരമായി പോലും ആക്ഷേപിക്കപ്പെടുന്നത് പിണറായി സർക്കാരിനെതിരെയും കമ്മ്യൂണിസ്റ്റുകളുടെ ക്രൂരതക്കെതിരെയും ശബ്ദമുയർത്തിയതിന്റെ പേരിലാണ്.
കേവലം ഒരു മറുനാടൻ മലയാളിയിൽ കമ്മ്യൂണിസ്റ്റുകളുടെ മാദ്ധ്യമ വേട്ട തീരും എന്ന് കരുതരുത്. മുസ്ലിം വിരുദ്ധ വാർത്തകളും തെറ്റായ വാർത്തകളും നൽകുന്നു എന്ന ആക്ഷേപം ഉയർത്തി കമ്മ്യൂണിസം ഒരുക്കുന്ന ചതിയുടെ ലക്ഷ്യം അവരെ വിമർശിക്കുന്നവരെ മുഴുവൻ വേട്ടയാടുക എന്നതാണ്.
അറിഞ്ഞോ അറിയാതെയോ സാധാരണക്കാർ ആ ചതിക്കുഴിയിൽ പെട്ടുപോകുന്നു എന്നതാണ് അങ്ങേയറ്റം ദുഃഖകരം. തെറ്റായ വാർത്തകളെയും വർഗീയ പരാമർശങ്ങളെയും വ്യക്തിഹത്യകളെയും നിരോധിക്കാൻ സർക്കാരിനും കമ്മ്യൂണിസ്റ്റുകൾക്കും താൽപര്യമുണ്ടായിരുന്നെങ്കിൽ ആദ്യം നിരോധിക്കേണ്ടത് സൈബറിടത്തിൽ വ്യക്തിവിദ്വേഷവും വിഭാഗീയതയും പടർത്തുന്ന പോരാളി ഷാജിമാരുടെയും സൈബർ സഖാക്കളുടെയും പേജുകളാണ്. വർഗ്ഗീയത മാത്രം പോസ്റ്റ് ചെയ്യുന്ന സംഘപരിവാർ പേജുകളാണ്. അതിനുമുതിരാതെ വിമർശിക്കുന്നവരെ പൂട്ടാനുള്ള നീക്കത്തിന് ജനാധിപത്യ മതേതര വിശ്വാസികളായവർ പിന്തുണ നൽകേണ്ടതുണ്ടോ?
ഇന്ന് മറുനാടൻ പൂട്ടും നാളെ അത് മലനാടനോ ഇടനാടനോ ആയിരിക്കും. കമ്മ്യൂണിസ്റ്റുകാരുടെ അഴിമതിയും സ്വജന പക്ഷപാതവും ക്രൂരതകളും ജനദ്രോഹങ്ങളും പറയാൻ ആരുമില്ലാതെയാവും. മറക്കേണ്ട, ഇത് കമ്മ്യൂണസത്തിന്റെ പുതിയ അടവാണ്. ആട്ടിൻ തോലണിഞ്ഞ ചെന്നായകളായി വിമർശകരെ മുഴുവൻ വേട്ടയാടുക എന്നത്. അതിന് നമ്മളും കൂടെ നിന്നാൽ നാളെ സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാതെയാകും എന്നും രമ്യ ഹരിദാസ് പറഞ്ഞു
Discussion about this post