തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവനയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും സ്ഥാപനത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെയും ഫാസിസ്റ്റ് മനോഭാവമാണ് സിപിഎമ്മിനുള്ളത്. ഈ സാഹചര്യത്തിലാണ് നിസഹകരണം അവസാനിപ്പിച്ച് ഏഷ്യാനെറ്റിന് പിന്തുണ നൽകാൻ ബിജെപി തീരുമാനിച്ചത്.
രണ്ട് വർഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ബിജെപി അറിയിച്ചു. സമകാലീന കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന മാദ്ധ്യമവേട്ടയുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബിജെപി ബാദ്ധ്യസ്ഥമാണ്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാംതൂണായ മാദ്ധ്യമങ്ങളെ അടിച്ചമർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും ബിജെപി അറിയിച്ചു.
Discussion about this post