കോഴിക്കോട്: ഏകീകൃത സിവിൽ കോഡിന്റെ മറവിൽ കേന്ദ്രസർക്കാരിനെതിരെ ന്യൂനപക്ഷ വിഭാഗങ്ങളെ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ സിപിഎം നിലപാടിലെ പൊളളത്തരം പുറത്ത്. കോഴിക്കോട് ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്റെ പ്രസംഗ വേദിയിൽ മരുന്നിന് പോലും ഒറ്റ മുസ്ലീം സ്ത്രീകൾ ഇല്ല. പാർട്ടി നേതാക്കളും മുസ്ലീം സമുദായ, സംഘടനാ നേതാക്കളുമടക്കം 28 പേർ പ്രസംഗിക്കുന്ന വേദിയിലാണ് ഒറ്റ മുസ്ലീം സ്ത്രീയെപ്പോലും ഉൾപ്പെടുത്താതെ സിപിഎമ്മിന്റെ വേർതിരിവ്.
ജനകീയ ദേശീയ സെമിനാർ എന്ന പേരിൽ കോഴിക്കോട് ട്രേഡ് സെന്ററിൽ ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയാണ് വിവാദമായത്. പരിപാടിയുടെ പോസ്റ്റർ പങ്കുവെച്ച് സമൂഹമാദ്ധ്യമങ്ങളിലും വിമർശനം ശക്തമായിക്കഴിഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാറിന്റെ ഉദ്ഘാടനം.
എൽഡിഎഫ് ഘടകകക്ഷി നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഉൾപ്പെടെ പ്രാസംഗികരുടെ പട്ടികയിലുണ്ട്. താമരശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി, മുസ്ലീം ജമാ അത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുളള, സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി മുക്കം ഉമർഫൈസി , മർക്കസ്ദുവ ജനറൽ സെക്രട്ടറി സിപി ഉമ്മർ സുല്ലമി, എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, ഡോ. ഹുസൈൻ മടവൂർ, റവ. ഡോ. ടിഐ ജയിംസ് തുടങ്ങി സമുദായ സംഘടനകളെ പ്രതിനിധീകരിച്ച് വേദിയിൽ പ്രാസംഗികരുടെ നീണ്ട നിരയാണ് പോസ്റ്ററിൽ കാണുന്നത്.
എളമരം കരീം പന്ന്യൻ രവീന്ദ്രൻ, ജോസ് കെ മാണി, എംവി ശ്രേയാംസ് കുമാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും പ്രാസംഗികരുടെ പട്ടികയിലുണ്ട്. പക്ഷെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി എന്നിവർ മാത്രമാണ് പ്രസംഗവേദിയിലെ വനിതാ സാന്നിദ്ധ്യം.
റബ്ബർവിലയും കർഷകദ്രോഹ നടപടികളുമുൾപ്പെടെ ചൂണ്ടിക്കാട്ടി പിണറായി സർക്കാരിനെതിരെ തിരിഞ്ഞ ക്രൈസ്തവ വിഭാഗങ്ങളെ ഏക സിവിൽ കോഡിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ തിരിക്കാനാണ് സിപിഎം നീക്കം. മുസ്ലീം സമുദായത്തെ ഇതിന്റെ പേരിൽ പാർട്ടിക്ക് അനുകൂലമാക്കി മാറ്റാനും സിപിഎം ലക്ഷ്യമിടുന്നു.
എന്നാൽ ഇഎംഎസും സുശീല ഗോപാലനും അടക്കമുളള പാർട്ടി നേതാക്കൾ ഏക വ്യക്തി നിയമത്തിനായി നേരത്തെ ശബ്ദമുയർത്തിയതിന്റെ രേഖകൾ അടക്കം അടുത്തിടെ പുറത്തുവന്നിരുന്നു. നിയമസഭയിൽ പോലും പ്രതിപക്ഷത്തായിരിക്കെ ഏക വ്യക്തി നിയമത്തിനായി സിപിഎം നേതാക്കൾ വാദിച്ചതും അടുത്ത ദിവസങ്ങളിൽ ചർച്ചയായിരുന്നു. ഇത് മറച്ചുവെച്ചാണ് ഇപ്പോൾ സമുദായ ധ്രുവീകരണം ലക്ഷ്യമിട്ട് സിപിഎം ഏക സിവിൽ കോഡിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post