തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു. അച്ഛനും മകളും മരിച്ചു. പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയോടെയായിരുന്നു നാല് പേരെയും വിഷം കഴിച്ച നിലയിൽ കണ്ടത്. വീട്ടിലെ മറ്റൊരു അംഗമാണ് ഇവരെ ആദ്യം കണ്ടത്. ഇതിനിടെ വിഷം കഴിച്ചതിന് പിന്നാലെ മകൻ വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വിഷം കഴിച്ച വിവരം അറിയിച്ചിരുന്നു. ഉടൻ വിഴിഞ്ഞം പോലീസ് സ്ഥലത്ത് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അഭിരാമിയും ശിവരാജനും മരിച്ചിരുന്നു. കടബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് നിഗമനം. തിരുവനന്തപുരം മിംസ് ആശുപത്രിയിലാണ് ശിവരാജന്റെ ഭാര്യയും മകനും ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.
Discussion about this post