മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ മുന്നേറാൻ ശ്രമിച്ച് വലിയ കടക്കെണിയിലേക്ക് കൂപ്പുകുത്തിയ എഡ്യൂടെക് സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വാർത്തകൾക്കിടയിലും ഇന്ത്യൻ യുവത്വത്തിന് ശുഭപ്രതീക്ഷയേകുന്ന ചില വാർത്തകളും വ്യക്തിത്വങ്ങളും ഒക്കെയുണ്ട്. അങ്ങനെയൊരു വേറിട്ട വ്യക്തിത്വത്തിന് ഉടമയാണ് അലാഖ് പാണ്ഡെ. ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ ഓരോ വർഷവും ഉയർച്ച മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഒരു സംരംഭത്തിന്റെ ഉടമ. കഴിഞ്ഞ സാമ്പത്തിക വർഷം മുൻവർഷത്തെ അപേക്ഷിച്ച് 300% ത്തോളം വളർച്ചയാണ് ഈ സംരംഭകൻ നേടിയെടുത്തത്. അലാഖ് പാണ്ഡെ എന്ന പേര് ചിലപ്പോൾ പലർക്കും അത്ര പരിചിതമാവില്ല. എന്നാൽ ഫിസിക്സ് വാല എന്ന യൂട്യൂബ് ചാനലും ലേണിംഗ് ആപ്പും എല്ലാം ഇന്ന് മിക്ക വിദ്യാർത്ഥികൾക്കും സുപരിചിതമാണ്. എന്തിനേറെ പല വിദേശരാജ്യങ്ങളിൽ പോലും ഈ ഇന്ത്യക്കാരൻ അവരുടെ പ്രിയപ്പെട്ട ഓൺലൈൻ ടീച്ചർ ആണ്.
2022-2023 സാമ്പത്തിക വർഷത്തിൽ 780 കോടി രൂപയാണ് ഫിസിക്സ് വാലയുടെ വരുമാനം. മുൻവർഷത്തിൽ 233 കോടി രൂപ വരുമാനത്തിൽ നിന്നുമാണ് അവർ ഈ വലിയ ഉയർച്ച കൈവരിച്ചിരിക്കുന്നത്. യൂട്യൂബിൽ 10 മില്യണോളം വരിക്കാരാണ് ഫിസിക്സ് വാലയ്ക്കുള്ളത്. ഫിസിക്സ് വാല ലേണിംഗ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു കോടിയിലേറെ ആളുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. സ്കൂൾതലത്തിൽ 10 മുതൽ 12 വരെയുള്ള ക്ലാസുകൾക്കും ഐഐടി, ജെഇഇ, നീറ്റ്, യുജി മത്സര പരീക്ഷകൾക്കും മികച്ച കോച്ചിംഗ് ക്ലാസുകൾ ഫിസിക്സ് വാല നൽകി വരുന്നുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ആശയമാണ് അലാഖ് പാണ്ഡെ മുന്നോട്ടുവയ്ക്കുന്നത്.
22 വയസുള്ളപ്പോൾ അലഹബാദിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മാസം 5,000 രൂപ ശമ്പളത്തിൽ ആയിരുന്നു അലാഖ് പാണ്ഡെയുടെ അധ്യാപന ജീവിതത്തിന്റെ ആരംഭം. ഉത്തർപ്രദേശിലെ അലഹബാദാണ് അലാഖിന്റെ സ്വദേശം. അലഹബാദിലെ ബിഷപ്പ് ജോൺസൺ സ്കൂൾ & കോളേജിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 2011-ൽ ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹാർകോർട്ട് ബട്ട്‌ലർ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നെങ്കിലും ചില മോശം സാഹചര്യങ്ങൾ മൂലം മൂന്നുവർഷം മാത്രമേ പഠനം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. പിന്നീട് നാട്ടിലെ ഒരു പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെറിയ ജോലി ചെയ്യാൻ തുടങ്ങി.
ഈ കാലഘട്ടത്തിലാണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് നൽകാൻ കഴിയുന്ന സാധ്യതകളെക്കുറിച്ച് അലാഖ് ചിന്തിക്കുന്നത്. തുടർന്ന് 2016ൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഫിസിക്സ് വാല എന്ന പേരിൽ അലാഖ് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ ലളിതമായ ഫിസിക്‌സ് ക്ലാസുകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. വൈകാതെ തന്നെ അലാഖിന്റെ ഫിസിക്സ് ക്ലാസുകൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ശ്രദ്ധ നേടുകയും യൂട്യൂബിൽ നിരവധി കാഴ്ചക്കാരെ നേടിക്കൊടുക്കുകയും ചെയ്തു.
2018 ൽ ഫിസിക്സ് വാല എന്ന പേരിൽ തന്നെയുള്ള ലേണിംഗ് ആപ്ലിക്കേഷനും അലാഖ് ആരംഭിച്ചു. 4 ദിവസത്തിനുള്ളിൽ 35,000 പേരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. തുടർന്ന് ഒരു എഡ്ടെക് സ്റ്റാർട്ടപ്പ് സംരംഭമായി ഫിസിക്സ് വാല. നിരവധി അധ്യാപകരും ടെക്നിക്കൽ ടീം അംഗങ്ങളും ഇന്ന് ഈ സംരംഭത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ന് ഫിസിക്സ് വാലയ്ക്ക് ഇന്ത്യയിൽ 45 ലധികം കേന്ദ്രങ്ങളുണ്ട്. 2022 ൽ ഇന്ത്യയുടെ 101-ാമത്തെ യൂണികോൺ ആയി ഫിസിക്സ് വാല മാറി, അതായത് ഒരു ബില്യൺ ഡോളറിൽ അധികം മൂല്യമുള്ള ഇന്ത്യയിലെ 101-ാമത്തെ കമ്പനി ആണ് ഫിസിക്സ് വാല. അലാഖ് പാണ്ഡെയുടെ ഈ ആരെയും ത്രസിപ്പിക്കുന്ന ജീവിതകഥ ആമസോൺ മിനി ടിവി ഒരു ആറ് എപ്പിസോഡ് വെബ് സീരീസ് ആയും പുറത്തിറക്കിയിട്ടുണ്ട്.
Discussion about this post