ട്രാവൽ ആൻഡ് ലെഷർ മാഗസിൻ നടത്തിയ സർവ്വേയിൽ ലോകത്തെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ സ്വന്തം ഉദയ്പൂർ. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂർ രാജസ്ഥാനിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വിനോദസഞ്ചാരികൾ നൽകുന്ന റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് മികച്ച 10 സ്ഥലങ്ങളെ തിരഞ്ഞെടുക്കുന്നത്.
സ്മാരകങ്ങൾ, സംസ്കാരം, ഭക്ഷണം, ആഡംബരം, ഷോപ്പിംഗ്, യാത്രയുടെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ നഗരങ്ങൾക്കും റേറ്റിംഗ് നൽകപ്പെടുന്നത്. 93.33 റീഡർ സ്കോർ ലഭിച്ചുകൊണ്ടാണ് ഉദയ്പൂർ രണ്ടാംസ്ഥാനത്ത് എത്തിയത്. മെക്സിക്കൻ നഗരമായ ഒക്സാക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. ജപ്പാനിലെ ക്യോട്ടോ ആണ് മൂന്നാം സ്ഥാനത്തുള്ള നഗരം.
1553 ൽ മഹാറാണാ ഉദയ് സിംഗ് രണ്ടാമനാണ് മേവാർ രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി ഉദയ്പൂർ സ്ഥാപിച്ചത്. വൃത്താകൃതിയിലുള്ള ഫലഭൂയിഷ്ഠമായ ഗിർവ താഴ്‌വരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ചുറ്റും നിറഞ്ഞുനിൽക്കുന്ന ആരവല്ലി പർവതനിരകളും നഗരത്തിന് നടുവിലായുള്ള പിച്ചോള തടാകവും എല്ലാം ഉദയ്പൂരിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നതാണ്. ഏഴ് തടാകങ്ങളാണ് ഉദയ്പൂർ നഗരത്തിന് ചുറ്റുമായുള്ളത്. രജപുത്ര രാജവംശത്തിന്റെ കാലഘട്ടത്തിലെ നിരവധി കൊട്ടാരങ്ങളും ഈ നഗരത്തെ കൂടുതൽ മനോഹരമാക്കുന്നു.
അവധിക്കാലം ചിലവഴിക്കാനായി വിനോദസഞ്ചാരികൾ ഏറ്റവും ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈ പത്താം സ്ഥാനം നേടിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൈതൃക സ്ഥലങ്ങൾ, ആതിഥ്യമര്യാദ, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിങ്ങനെയുള്ള നിരവധി വസ്തുതകൾ പരിഗണിച്ചാണ് ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികൾ ഈ സർവേയിൽ വിവിധ നഗരങ്ങൾക്ക് റേറ്റിംഗ് നൽകിയിട്ടുള്ളത്.
Discussion about this post