മലപ്പുറം: എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര വിവാദവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. സി.പി.എം. എടവണ്ണ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജാഫർ, സി.പി.എം. പഞ്ചായത്ത് അംഗമായ ജസീൽ, പി.കെ. മുഹമ്മദലി, ശിൽപിയായ പി.അബ്ദുൾ കരീം, കെ. അബ്ദുൾ ഗഫൂർ എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കവേ സംസാരിച്ച് നിൽക്കുകയായ പരാതിക്കാരിക്കും സഹോദരനും നേരെ സദാചാരവാദികൾ തിരിയുകയായിരുന്നു. ഇരുവരെയും അപമാനിച്ച സദാചാര ഗുണ്ടകൾ ദൃശ്യങ്ങളും പകർത്തി. ചോദ്യം ചെയ്ത സഹോദരനെയും സുഹൃത്തുക്കളെയും മർദ്ദിച്ചു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു എടവണ്ണ ബസ് സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നത്.വിദ്യാർത്ഥികൾക്ക് ഒരു മുന്നറിയിപ്പ്’ എന്ന തലക്കെട്ടിൽ ജനകീയ കൂട്ടായ്മയുടെ പേരിലാണ് ഈ ബോർഡുയർന്നത്. ആഭാസവിദ്യകൾ സ്റ്റാൻഡിൽ പാടില്ലെന്നും അഞ്ചുമണിക്കുശേഷം വിദ്യാർഥികളെ കാണാനിടയായാൽ നാട്ടുകാർ കൈകാര്യംചെയ്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തുമെന്നുമാണ് മുന്നറിയിപ്പ്. ഈ ബോർഡിനെതിരേ എടവണ്ണ പോലീസിൽ പരാതിയും എത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം വിദ്യാർത്ഥിപക്ഷത്തിന്റെ പേരിലും ബോർഡ് പ്രത്യക്ഷപ്പെട്ടു. സദാചാര ആങ്ങളമാർ തങ്ങളുടെ മക്കളുടെ ഫോൺ നോക്കണമെന്നും വിദ്യാർഥികൾക്ക് രാത്രി ഏഴുവരെയാണ് ബസ് യാത്രാനിരക്ക് സമയമെന്നും ഇതിൽ ഓർമപ്പെടുത്തുന്നു.
‘വിദ്യാർത്ഥികൾക്കൊരു മുന്നറിയിപ്പ്, കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാർഥികളോട് ഞങ്ങൾക്കൊന്നേ പറയാനൊള്ളു. ഇനിമുതൽ ഇത്തരം ഏർപ്പാടുകൾ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിർബന്ധമുളളവർക്ക് താലി കെട്ടി കൈപിടിച്ചു വീട്ടിൽ കൊണ്ട് പോയി തുടരാവുന്നതാണ് മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോവുന്നവരെ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് നന്നായിട്ടറിയാം. ആയതിനാൽ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാർത്ഥികളെ കാണാനിടവന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏൽപിക്കുന്നതുമാണ്
ഇത് സദാചാര ഗുണ്ടായിസമല്ല..വളർന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്. എടവണ്ണ ജനകീയ കൂട്ടായ്മ”- എന്നായിരുന്നു അദ്യം പ്രത്യക്ഷപ്പെട്ട ബോർഡ്.
ഇതിന് പിന്നാലെ വിദ്യാർത്ഥികൾ സദാചാരക്കാർക്ക് മറുപടിയുമായി എത്തി.
‘ആധുനിക ഡിജിറ്റൽ സ്‌കാനറിനെ തോൽപ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ്റ്റ് സ്റ്റാൻറിലേയും പരിസരത്തെയും കോണിക്കോടിലേക്ക് സദാചാര ആങ്ങളമാർ ടോർച്ചടിക്കുന്നതിന് മുമ്പ് ആണപെൺ വിദ്യാസമില്ലാതെ അവനവൻറെ മക്കൾ കൈകാര്യം ചെയ്യുന്ന മൊബൈലും വാട്ട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും ഒക്കെ ഒന്ന് തിരഞ്ഞ് നോക്കമം. വിദ്യാർത്ഥികൾക്ക് 7 എഎം മുതൽ 7 പിഎം വരെയാണ് കൺസെഷൻ സമയം എന്നറിയാതെ 5 മണി കഴിഞ്ഞ് ബസ് സ്റ്റാൻറിലും പരിസരത്തും കണ്ടാൽ കൈകാര്യം ചെയ്തു കളയുമെന്ന് ആഹ്വാനം ചെയ്യാനും ബോർഡ് വെയ്ക്കാനുംലഒരു വ്യക്തിക്കോ, സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് സദാചാര കമ്മറ്റിക്കാർ ഓർക്കണം. വിദ്യാർത്ഥി പക്ഷം, എടവണ്ണ’- പോസ്റ്ററുകൊണ്ട് തന്നെ വിദ്യാർത്ഥികളും മറുപടി നൽകി.
Discussion about this post