ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ വേണമെന്ന് സുപ്രീംകോടതിൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം ഇതിൽ ശിവശങ്കറിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിനെ സേവിച്ച വ്യക്തിയാണോ സർക്കാർ ആശുപത്രി മോശമാണെന്ന് പറയുന്നത് എന്ന് സുപ്രീംകോടതി ചോദിച്ചു. ആരോഗ്യകാരണങ്ങളും ചികിത്സ സംബന്ധമായ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാത്തത് എന്താണെന്ന് കോടതി ചോദിക്കുകയായിരുന്നു. ഇതിനോട് ആണ് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞത്.
എന്നാൽ സർക്കാർ ആശുപത്രിയിലെ ചികിത്സ ശിവശങ്കർ നിരസിക്കുകയാണ് ഉണ്ടായതെന്ന് ഇഡിയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡി കോടതിയിൽ രണ്ട് ആഴ്ച സമയം ചോദിച്ചിരുന്നു. ഇത് പ്രകാരം കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
Discussion about this post