ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു. 24 വയസ്സുകാരനായ സക്ഷം പൃതി ആണ് മരിച്ചത്. ഡൽഹി രോഹിണി ഏരിയയിലെ ജിമ്മിലായിരുന്നു സംഭവം.
ബി ടെക് ബിരുദധാരിയായ സക്ഷം ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. രോഹിണി സെക്ടർ 19ലെ താമസക്കാരനായ ഇദ്ദേഹം, സെക്ടർ 15ലെ ജിംപ്ലെക്സ് ഫിറ്റ്നസ് സോണിലെ അംഗമായിരുന്നു.
ട്രെഡ്മില്ലിൽ ഓടുന്നതിനിടെ, ചൊവ്വാഴ്ച രാവിലെ 7.30ന് സക്ഷം കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വൈദ്യുതാഘാതം ഏറ്റതാണ് എന്ന് വ്യക്തമായി.
തുടർന്ന് സംഭവത്തിൽ കേസെടുത്ത പോലീസ് ജിം മാനേജർ അനുഭവ് ദഗ്ഗലിനെ അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ, യന്ത്രഭാഗങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post