ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ തനിക്കെതിരായ പുനഃരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മന്ത്രിയുടെ ഹർജി.
ഹർജികളിൽ വിശദമായ പരിശോധന ആവശ്യമെന്ന് കോടതി കഴിഞ്ഞ വാദത്തിൽ വ്യക്തമാക്കിയിരുന്നു. കേസിന്റെ എല്ലാവശവും പരിശോധിക്കുമെന്ന് ജസ്റ്റിസ് സി ടി രവികുമാർ വ്യക്തമാക്കി. ഹർജിയിൽ നോട്ടിസ് അയയ്ക്കണോ എന്നത് വിശദമായി പരിശോധിച്ച ശേഷം മാത്രമാകുമെന്നും കോടതി തീരുമാനിക്കുക. 33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർത്തിരുന്നു. അതേസമയം, പോലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജിയും കോടതിക്ക് മുന്നിലുണ്ട്.
1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.
Discussion about this post