തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഈ തവണത്തെ ഓണവും കടത്തിലാകുമെന്നാണ് വിവരം. ‘ഓണാഘോഷത്തിന്’ മാത്രം 8,000 കോടി രൂപ ചുരുങ്ങിയത് വേണമെന്നാണ് സംസ്ഥാന ധനവകുപ്പ് കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ സാധനങ്ങൾക്ക് വില വീണ്ടും വർദ്ധിച്ചാൽ ഓണച്ചിലവ് ഇനിയും ഉയരും.
മൂന്ന് മാസത്തെ ക്ഷേമപെൻഷന് വേണ്ടി മാത്രം ഖജനാവിൽ നിന്ന് 1,700 കോടിയാണ് കണ്ടെത്തേണ്ടത്. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിനായി 3,398 കോടി രൂപയും ബോണസും ഉത്സവബത്തയും അഡ്വാൻസ് തുകയും ഒക്കെയായി വലിയ ചിലവാണ് സർക്കാരിനെ കാത്തിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഈ തവണ ഓണത്തിന് കിറ്റ് എല്ലാ കാർഡുകൾക്കും നൽകില്ല. പകരം മഞ്ഞ കാർഡുകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും മാത്രമായിരിക്കും കിറ്റ് നൽകുക. എല്ലാവർക്കും ഓണക്കിറ്റ് നൽകണമെങ്കിൽ 558 കോടി രൂപ വേണ്ടിവരും. ഇതാണ് കിറ്റ് വിതരണത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാനുള്ള കാരണം.
ഓണക്കാലം അടുത്തതോടെ സാധാരണക്കാർക്ക് ആശ്വാസമാകേണ്ട സപ്ളൈകോ സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല.
സബ്‌സിഡി സാധനങ്ങൾ വിറ്റ വകയിൽ 2000 കോടിയാണ് സർക്കാർ സപ്ളൈകോയ്ക്ക് നൽകാനുള്ളത്.
ഇതിനാൽ സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകുന്ന കമ്പനികൾക്ക് പണം കൊടുക്കാൻ കഴിയുന്നില്ല. ഇതാണ് സ്‌റ്റോറുകളിലെ സാധനങ്ങളുടെ ലഭ്യത കുറവിന് കാരണം.
അതേസമയം ഡിസംബർ വരെയുള്ള 9 മാസം കടമെടുക്കാൻ അനുമതി കിട്ടിയ 15000 കോടിയിൽ ഇനി നാലായിരം കോടി മാത്രമാണ് ബാക്കിയുള്ളത്. വായ്പാ പരിധി കഴിഞ്ഞതോടെ ഓവർഗ്രാഫ്റ്റിലായ സംസ്ഥാന ഖജനാവിനെ 1500 കോടിയുടെ കടപത്രമിറക്കിയാണ് ഇപ്പോൾ പിടിച്ചുനിർത്തിയിരിക്കുന്നത്. ഓണക്കാലത്തെ ചിലവുകൾ കൂടി കഴിയുന്നതോടെ സർക്കാർ വലിയ കടക്കെണിയിലാവും.
Discussion about this post