തിരുവനന്തപുരം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ബിജെപി. ഹിന്ദുവിരുദ്ധ ചിന്താഗതിയുമായി സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നത് അപകടകരമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസ സമ്പ്രദായങ്ങളെയാണ് സ്പീക്കർ അപമാനിച്ചിരിയ്ക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
ഗണപതി ഭഗവാനെ അവഹേളിച്ച നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന ഭരണഘടനാ പദവിയിലിരിക്കുന്നവർക്ക് ചേർന്നതല്ല. ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസ സമ്പ്രദായങ്ങളെയാണ് സ്പീക്കർ അപമാനിച്ചിരിയ്ക്കുന്നത്. ഭിന്നിപ്പിന്റെ വാക്കുകൾ ഉപയോഗിക്കാതെ എല്ലാ സമുദായങ്ങളെയും ഒരുപോലെ കാണേണ്ടവരാണിവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും എല്ലാക്കാലത്തും ഇകഴ്ത്തുന്ന സിപിഎം നിലപാട് ആശങ്കാജനകമാണ്. അത് ശബരിമലയിലാട്ടെ, ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന കാര്യത്തിലാകട്ടെ. ഹിന്ദുവിരുദ്ധ ചിന്താഗതിയുമായി സ്പീക്കറുടെ കസേരയിലിരിയ്ക്കുന്നത് കേരളത്തിലെ ജനാധിപത്യ സംവിധാനത്തിന് തന്നെ അപകടമാണ്. ഗണപതി ഭഗവാനെ അപമാനിച്ച പ്രസ്താവനയിൽ സ്പീക്കർ എ എൻ ഷംസീർ ഉടൻ മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് എഎൻ ഷംസീർ പരാമർശം നടത്തിയത്. കുന്നത്തുനാട് മണ്ഡലത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഷംസീറിന്റെ പരാമർശം. ഗണപതിയും പുഷ്പക വിമാനവുമൊന്നും ശാസ്ത്രമല്ലെന്നും എല്ലാം മിത്തുകളാണെന്നുമായിരുന്നു ഷംസീർ പറഞ്ഞത്. ഹൈന്ദപുരാണങ്ങളിലെ സംഭവങ്ങൾ അന്തവിശ്വാസങ്ങൾ ആണ് പ്രചരിപ്പിക്കുന്നതെന്നും ഷംസീർ പറഞ്ഞിരുന്നു.
Discussion about this post