എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് പോലീസ്. കലൂരിലെ വീട്ടിലെത്തിയാണ് നടനെ ചോദ്യം ചെയ്തത്. വിനായകന്റെ മൊബൈൽ ഫോണും പിടിച്ചെടുത്തു.
ഉച്ചയോടെയായിരുന്നു പോലീസ് സംഘം കലൂരിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചാനലുകൾ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര തുടർച്ചയായി കാണിച്ചതിനെ തുടർന്നുള്ള പ്രകോപനത്തിലായിരുന്നു അത്തരത്തിൽ പരാമർശം നടത്തിയത്. ആരെയും അവഹേളിക്കാൻ വേണ്ടി മനപ്പൂർവ്വം ശ്രമിച്ചതല്ലെന്നും വിനായകൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
കേസിൽ ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ ആയിരുന്നു വിനായകന് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ വിനായകൻ ഹാജരായില്ല. തുടർന്ന് നടനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ പോലീസ് വീട്ടിൽ നേരിട്ട് എത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിനായകനെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നടന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. ഇതിന് ശേഷമാകും നടനെ ചോദ്യം ചെയ്യുക.
Discussion about this post