ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഐ എം എഫിൽ നിന്നും വീണ്ടും വായ്പ എടുക്കാനുള്ള നീക്കവുമായി പാകിസ്താൻ. തിരിച്ചടവിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി നൽകിയാൽ മാത്രമേ ഇനി വായ്പ അനുവദിക്കൂ എന്ന് ഐ എം എഫ് വ്യക്തമാക്കിയതോടെ, വൈദ്യുതി, പാചക വാതക വിലകളിൽ വൻ വർദ്ധനവ് വരുത്താൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചു.
അടിസ്ഥാന വൈദ്യുതി നിരക്ക് യൂണിറ്റിന് 3 രൂപ മുതൽ ഏഴര രൂപ വരെ വർദ്ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ പാകിസ്താനിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് പതിനാറര രൂപയാകും. 700 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ യൂണിറ്റിന് 43 രൂപ വരെ നൽകേണ്ടി വരുമെന്ന് പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വർദ്ധനവിന് ജൂലൈ 1 മുതൽ മുൻകാല പ്രാബല്യം നൽകാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇതിന് പുറമേ മുൻകാല വായ്പകളുടെ മുടങ്ങിയ ഗഡുക്കൾ തിരിച്ചടയ്ക്കുന്നതിന് വേണ്ടി പാചക വാതക വില വർദ്ധിപ്പിക്കാനും പാകിസ്താൻ തീരുമാനിച്ചു. വില വർദ്ധനവിന്റെ വിശദാംശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും എന്നാണ് വിവരം. തൊഴിലില്ലായ്മയും വിലക്കയറ്റവും സർവകാല റെക്കോർഡിൽ എത്തി നിൽക്കുന്ന പാകിസ്താന്റെ വിദേശ നാണയ കരുതൽ ശേഖരവും ശുഷ്കമാകുകയാണ്. സൗദി അറേബ്യ നൽകിയ 2 ബില്ല്യൺ ഡോളറും യുഎഇ നൽകിയ ഒരു ബില്ല്യൺ ഡോളറും കൂടാതെ 1.2 ബില്ല്യൺ ഡോളർ മാത്രമാണ് നിലവിൽ പാകിസ്താന്റെ വിദേശ നാണയ കരുതൽ ശേഖരത്തിൽ ഉള്ളത്.
Discussion about this post