കൊച്ചി: പുതുപള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നായിരിക്കും സ്ഥാനാർത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുടുംബം പറയുന്നയാളെ സ്ഥാനാർത്ഥിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി മകനോ മകളോ എന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം തീരുമാനിക്കും. കുടുംബം നിർദേശിക്കുന്ന പേര് പാർട്ടി സ്വീകരിക്കുമെന്നും പുറത്തു നിന്ന് സ്ഥാനാർത്ഥി ഉണ്ടാവില്ലെന്നും സുധാകരൻ പറഞ്ഞു.
പുതുപ്പള്ളിയിൽ ആര് സ്ഥാനാർത്ഥിയാകണമെന്നതിനെ പറ്റി ഉടൻ ചർച്ച തുടങ്ങും. അനൗപചാരികമായി ചർച്ച തുടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഔപചാരികമായി തീരുമാനമെടുക്കുമെന്നാണ് വിവരം. അനുശോചന യോഗം കഴിഞ്ഞ ശേഷമേ ചർച്ച നടക്കുകയുള്ളൂയെന്നും സുധാകരൻ പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊയെന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണം. മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുത്. ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Discussion about this post