തിരുവനന്തപുരം: മാറാനല്ലൂർ ആസിഡ് ആക്രമണ കേസിലെ പ്രതിയും സിപിഐ നേതാവുമായ സജിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കണ്ട്‌ല സഹകരണ ബാങ്കിലെ സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് സജിയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നത്. സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കണ്ട്‌ല ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗൻ ചതിച്ചെന്നാണ് സജി പറയുന്നത്. സർക്കിൾ സഹകരണ ബാങ്കിന്റെ കൂടി പ്രസിഡന്റ് ആണ് ഭാസുരാംഗൻ. ഇതിന് കീഴിൽ പ്രവർത്തിക്കുന്ന വെള്ളൂർക്കോണം സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ് സുധീർ ഖാൻ. ഇവിടുത്തെ മുൻ സെക്രട്ടറിയായിരുന്നു സജി. സുധീർഖാൻ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ബാങ്കിൽ ഉണ്ടാക്കിയതെന്നാണ് സജി പറയുന്നത്.
എന്നാൽ അവസാനം കുറ്റങ്ങൾ മുഴുവൻ സജിയ്ക്ക് മേൽ ചുമത്താനുള്ള ശ്രമം തുടങ്ങിയെന്നും ആത്മഹത്യാക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നുണ്ട്. സിപിഐ പാർട്ടി ഭാസുരാംഗന് മുൻപിൽ കീഴടങ്ങിയെന്നും, സിപിഐ പാർട്ടി അധപതിച്ചുവെന്നും കുറിപ്പിൽ സജി പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സജി സുധീർ ഖാനെ ആക്രമിച്ചത്. വീട്ടിൽ ആസിഡുമായി എത്തിയ സജി സുധീർ ഖാന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ സജി മധുരയിലേക്ക് കടന്നു. ഇന്നലെ വൈകീട്ടോടെ ഇവിടെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post