ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്ത് വൃദ്ധനായ ഒരു സർദാർ രോഗിയായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പശ്ചാത്താപങ്ങളിൽ ഒന്നായിരുന്നു, അദ്ദേഹത്തിന്റെ അച്ഛൻ മരിക്കുന്നതിനു മുമ്പ് അച്ഛനുമായുള്ള ദേഷ്യം പറഞ്ഞ് തീർക്കാൻ പറ്റിയില്ല എന്നത്.
അച്ഛനും മകനുമായി ഒരിക്കലും സംസാരിച്ചിട്ടില്ല. അതിന്റെ പിറകിൽ ഒരു വലിയ കഥയുണ്ട്…
1945 ൽ, അന്നത്തെ അവിഭക്ത ഭാരതത്തിലെ ലാഹോറിൽ ആയിരുന്നു ഇവരുടെ കുടുംബം. ലാഹോറിൽ താമസിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന് പത്തു വയസ്സാണ് പ്രായം.
അന്ന്, ബിസിനസുകാരനായ ഒരു സിന്ധി സുഹൃത്ത്, അദ്ദേഹത്തിന്റെ അച്ഛനോട് ലാഹോർ ഭാവിയിൽ സുരക്ഷിതമായിരിക്കില്ല എന്നും അതുകൊണ്ട് ഡൽഹിയിലേക്ക് കുടിയേറാം എന്നും പറഞ്ഞു. തങ്ങൾ പോവുകയാണ് തങ്ങളുടെ കൂടെ വരൂ എന്നു ക്ഷണിക്കുകയും ചെയ്തു.
എന്നാൽ സിക്കുകാർ ഭൂരിപക്ഷം ഉണ്ടായിരുന്ന ലാഹോറിൽ ഒരിക്കലും ഒരു കലാപം ഉണ്ടായി സിക്കുകാർക്ക് നാടുവിട്ടു ഓടേണ്ട അവസ്ഥ വരുകയില്ല എന്നും പറഞ്ഞ് അദ്ദേഹം ഉറക്ക ചിരിച്ച് ആ സുഹൃത്തിനെ പുച്ഛിക്കുകയാണ് ചെയ്തത്.
രണ്ടുവർഷത്തിനുശേഷം, വിഭജന സമയത്ത് സകലതുമുപേക്ഷിച്ച് ഒരു ലോറിയിൽ ഇന്ത്യയിലേക്ക് പലായനം ചെയ്യവേ ഒരു ജനക്കൂട്ടം ലോറി തടയുകയും, അദ്ദേഹത്തിന്റെ അമ്മയെയും രണ്ട് സഹോദരിമാരെയും…
(കൂട്ട ബലാൽസംഗം ചെയ്തു എന്ന് ഞാൻ മനസ്സിലാക്കുന്നു, അദ്ദേഹം അത് പറഞ്ഞില്ല )
എന്തായാലും അമ്മയ്ക്ക് മാത്രമേ ജീവൻ ശേഷിച്ചുള്ളൂ. അച്ഛനും മകനും അമ്മയും, എങ്ങനെയൊക്കെയോ , ഉടുത്തിരിക്കുന്ന തുണി മാത്രം സമ്പാദ്യം ആക്കി ഡൽഹിയിൽ എത്തിപ്പെട്ടു.
ഇദ്ദേഹം ഇരുട്ടി വെളുപ്പിച്ചു പഠിച്ച് കേന്ദ്ര ഗവൺമെന്റ് ഉദ്യോഗം നേടിയതോടെയാണ് , കുടുംബം രണ്ടുകാലിൽ നിൽക്കാറായത്. എന്നാൽ, അന്ന് ആ സിന്ധി സുഹൃത്തിന്റെ വാക്ക് കേൾക്കാതെ അയാളെ പുച്ഛിച്ച് ലാഹോറിൽ തന്നെ നിന്ന് തന്റെ സഹോദരിമാരുടെയും അമ്മയുടെയും ക്രൂരമായ പീഡനത്തിന് കാരണമായ പിതാവിനോട് അദ്ദേഹം ഒരിക്കലും ക്ഷമിച്ചില്ല.
ആ പിതാവ് മരിക്കുന്നത് വരെയും ഇദ്ദേഹം അച്ഛനോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.
ഈ പറയുന്ന അദ്ദേഹത്തിന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്ന ഒരു പെറ്റി ബുർഷ്വ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, Incorrigibly secular naive humanist… ഒരിക്കലും തിരുത്തുവാനൊക്കാത്ത നിഷ്കുവായ മാനവികവാദി .
ഇന്ന് ഒരു വല്ലാത്ത ദിവസമാണ്.
ലീഗിന്റെ മുദ്രാവാക്യ വീഡിയോ കണ്ടു ഞെട്ടിത്തരിച്ചിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ മകന്റെ സന്ദേശം … അയാളുടെ അമ്മയുടെ (നേരത്തെ പറഞ്ഞ രോഗിയുടെ ഭാര്യയുടെ ) ചില ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്.
ഒരു വല്ലാത്ത യാദ്യശ്ചികത തന്നെ !
ഡോക്ടർ നന്ദകുമാരൻ തമ്പി
Discussion about this post