തിരുവനന്തപുരം : സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം തൂങ്ങിമരിച്ച സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സജികുമാറിന്റെ ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തി. തമിഴ്‌നാട്ടിലെ ലോഡ്ജിലാണ് നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ ചുവരിൽ ഒട്ടിച്ചുവെച്ച ആത്മഹത്യാക്കുറിപ്പുകളിൽ ഒരു പ്രമുഖ നേതാവിനെതിരെയാണ് പരാമർശിച്ചിരിക്കുന്നത്. ഒരു ഡയറി തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
‘എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു ‘ എന്നീ തലക്കെട്ടുകളിലാണ് കുറിപ്പ്. കണ്ടല ബാങ്ക് പ്രസിഡന്റും, സിപിഐ നേതാവുമാണ് ഭാസുരാംഗൻ. ഇയാൾ ചതിച്ചു എന്നാണ് കുറിപ്പിലുള്ളത്. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ ലോക്കൽ സെക്രട്ടറി സുധീർ ഖാൻ സാമ്പത്തിക തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. അതിൽ തർക്കമുണ്ടായിരുന്നുവെന്നും സജിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പ്രാദേശിക സിപിഐ തർക്കങ്ങളെക്കുറിച്ചും, സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
സിപിഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർ ഖാൻ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സജികുമാർ (60) ആസിഡ് ആക്രമണം നടത്തിയത്. തുടർന്ന് ഇയാൾ മധുരയിലെ ലോഡ്ജിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Discussion about this post