തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ അനുസ്മര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തടസ്സപ്പെട്ട സംഭവം സാങ്കേതിക തകരാറ് മൂലമെന്ന് പോലീസ് റിപ്പോർട്ട്. ഹൗളിങ് ഉണ്ടായത് ബോധപൂർവമായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചടങ്ങിന് ഉപയോഗിച്ച മൈക്ക് സെറ്റിന് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതോടെ കേസ് പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ 25ന് വൈകിട്ട് അയ്യൻകാളി ഹാളിൽനടന്ന പരിപാടിയിക്കിടെയാണ് മൈക്ക് തകരാറിലായത്. ഇതോടെ കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊതുസുരക്ഷയെ ബാധിക്കും വിധം ബോധപൂർവം പ്രവർത്തിക്കുന്നവർക്കെതിരെയുള്ള പോലീസ് ആക്ടിലെ 118 (ഇ) വകുപ്പാണ് ചുമത്തിയത്. മൈക്കും ആംപ്ലിഫയറും വയറും പോലീസ് കസ്റ്റഡിയിലെടുത്തു. സാങ്കേതിക തകരാറാണ് സംഭവിച്ചത് എന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ സംഭവം നാണക്കേടായതോടെ പിണറായി വിജയൻ തന്നെ ഇതിൽ ഇടപെടുകയായിരുന്നു. തുടർനടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തന്നെയാണ് നിർദ്ദേശിച്ചത്.
Discussion about this post