ഇടുക്കി: കൂട്ടുപ്രതിയുടെ ചിത്രം പോലീസിന് വരച്ചുനൽകി കള്ളൻ. ഇടുക്കി നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ച കേസിലെ പ്രതിയാണ് രേഖാചിത്രം വരച്ച് നൽകി മാതൃക തീർത്തത്. കോലഞ്ചേരി ചക്കുങ്കൽ അജയകുമാർ ആണ് പിടിയിലായത്. എന്നാൽ അജയകുമാറിന്റെ കൂട്ടാളിയെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് കൂട്ടാളിയുടെ ചിത്രം അജയ്കുമാർ വരച്ച് നൽകിയത്.
അജയകുമാറും കൂട്ടാളി വിഷ്ണുവും ഒരുമിച്ചാണ് ക്ഷേത്രത്തിൽ മോഷണത്തിനു പദ്ധതിയിട്ടത്. തുടർന്ന് കാണിക്കവഞ്ചി ഇളക്കി സമീപത്ത് ഒഴിഞ്ഞുകിടക്കുകയായിരുന്ന വീട്ടിൽ പോയി കുത്തിപ്പൊളിക്കുകയായിരുന്നു. എന്നാൽ ഈ വീട്ടിൽ കഴിഞ്ഞദിവസം താമസക്കാർ വന്നിരുന്നു. ഇതോടെ ബഹളംകേട്ടു വീട്ടുകാർ ഉണർന്നു നാട്ടുകാരെ അറിയിച്ചു. മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ പിടിയിലായി. വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പോലീസ് വിഷ്ണുവിനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയായിരുന്നു. ഒരു പേപ്പറും പെൻസിലും നൽകിയാൽ വിഷ്ണുവിനെ വരച്ചുനൽകാമെന്നായി അജയകുമാർ. ഇതു നൽകിയതോടെ അജയകുമാർ ബെഞ്ചിലിരുന്ന് 2 മിനിറ്റിനുള്ളിൽ വിഷ്ണുവിന്റെ രേഖാചിത്രം പൂർത്തിയാക്കി. വിഷ്ണുവിനെ കണ്ട നാട്ടുകാരെ കണിച്ച് ഉറപ്പ് വരുത്തിയിട്ടാണ് പോലീസ് ഭാഗികമായിട്ടെങ്കിലും രേഖാചിത്രത്തെ വിശ്വാസത്തിലെടുത്തത്.
Discussion about this post