കാസർകോട്: റാലിയ്ക്കിടെ യൂത്ത് ലീഗ് പ്രവർത്തകർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. വിദ്വേഷം കലർന്ന സന്ദേശം പ്രചരിപ്പിച്ചതിൽ ആറ് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗാമായാണ് സമൂഹമാദ്ധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കിയത്.
വിദ്വേഷ മുദ്രാവാക്യം വിളിയ്ക്ക് പിന്നാലെ ചിലർ വർഗ്ഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെയായിരുന്നു നിരീക്ഷണം ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്. കാസർകോട് സൈബർ സെൽ പോലീസിന്റെ പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തുന്നത്. സന്ദേശങ്ങൾ പങ്കുവച്ചവർ, ഇതിന് താഴെ കമന്റിട്ടവർ, ലൈക്ക് ചെയ്തവർ എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കേസ് എടുത്തവരിൽ മറ്റ് ജില്ലകളിൽ ഉള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് പറയുന്നു.
വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയാണ് പോലീസ് നിരീക്ഷിച്ചുവരുന്നത്.
ഗ്രൂപ്പുകളിൽ ഇത്തരത്തിൽ സന്ദേശങ്ങൾ പ്രചരിക്കാതിരിക്കാൻ അഡ്മിൻമാർ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു. അല്ലാത്തപക്ഷം കണ്ടാൽ അഡ്മിൻമാരെ കേസിൽ പ്രതിചേർക്കുമെന്നും പോലീസിന്റെ നിർദ്ദേശമുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു മണിപ്പൂരിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് റാലി സംഘടിപ്പിച്ചത്. എന്നാൽ ഇതിൽ പ്രവർത്തകർ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കുകയായിരുന്നു.
Discussion about this post