കാസർകോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയ്ക്ക് ഭീകര ബന്ധം ഉണ്ടെന്ന സംശയത്തിൽ പോലീസ്. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. മുദ്രാവാക്യം വിളിച്ച കല്ലൂരാവി സ്വദേശി അബ്ദുൾ സലാമിന്റെ ഭീകരവാദ ബന്ധം കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഹിന്ദുക്കളെ കൊന്ന് അമ്പല നടയിൽ കെട്ടിത്തൂക്കും എന്നായിരുന്നു സലാം വിളിച്ച മുദ്രാവാക്യം. ഇത് മറ്റ് പ്രവർത്തകർ ഏറ്റ് വിളിക്കുകയും ചെയ്തു. സലാമിന് ഈ മുദ്രാവാക്യം മറ്റാരോ എഴുതി പഠിപ്പിച്ച് നൽകിയത് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. വാട്‌സ് ആപ്പിലൂടെ അടക്കം മുദ്രാവാക്യം വിളിക്കാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇതേ തുടർന്ന്
സലാമിന്റെ സമൂഹമാദ്ധ്യമ ഇടപെടൽ നിരീക്ഷിച്ചുവരികയാണ്.
സലാമിനെ ചോദ്യം ചെയ്താൽ മാത്രമേ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകൂകയുള്ളൂ. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ അപേക്ഷ നൽകും. കേസിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബുവും പ്രതിപ്പട്ടികയിലുണ്ട്.
അതേസമയം സംസ്ഥാന പോലീസ് മേധാവി ജില്ലയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post