എറണാകുളം: ആലുവയിൽ വിവിധ ഭാഷാ തൊഴിലാളി തട്ടിക്കൊണ്ട് പോയ അഞ്ച് വയസ്സുകാരിയെ മറ്റൊരാൾക്ക് കൈമാറിയതായി വിവരം. അറസ്റ്റിലായ പ്രതി അസ്ഫാഖ് ഇതുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി നൽകി. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. അതേസമയം കഴിഞ്ഞ 19 മണിക്കൂറായി കുട്ടിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സക്കീർ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയത് എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുവഴിയാണ് കുട്ടിയെ കൈമാറിയത് എന്നാണ് വിവരം. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന.
ഇന്നലെ രാത്രിയോടെയായിരുന്നു അഫ്‌സാഖിനെ പോലീസ് തോട്ടക്കാട്ടുകരയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ആ സമയം ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നു. ഇത് വലിയ പ്രതിസന്ധിയായിരുന്നു പോലീസിന് സൃഷ്ടിച്ചത്.
ജ്യൂസ് വാങ്ങി നൽകിയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നായിരുന്നു പോലീസിനോട് രക്ഷിതാക്കൾ പറഞ്ഞത്. ഇത് സമ്മതിച്ച പ്രതി ജ്യൂസ് വാങ്ങി നൽകിയ ശേഷം പിന്നീട് കുട്ടിയെ കണ്ടില്ലെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കുട്ടിയുമായി കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
മദ്യലഹരി വിട്ടതോടെ ഇന്ന് രാവിലെ അഫ്‌സാഖിനെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ കൈമാറിയെന്ന് ഇയാൾ പറഞ്ഞത്. ബോധത്തോടെയുള്ള മൊഴിയായതിനാൽ അന്വേഷണ സംഘം ഇത് വിശ്വസിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം നടത്തുന്നത്.
ആലുവയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെ ആണ് തട്ടിക്കൊണ്ട് പോയത്. ഇവരുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അഫ്‌സാഖ്. പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങി നൽകി ഇയാൾ കൊണ്ട്‌പോകുകയായിരുന്നു. അഫ്‌സാഖിനൊപ്പം കുട്ടിയെ കണ്ടവർ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഇതോടെയായിരുന്നു രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടത്.
Discussion about this post