50 വയസ്സിന് ശേഷം ചെറിയ തട്ടലുകളിലും ചെറിയ വീഴ്ചകളിലും ഒക്കെയായി അസാധാരണമായി എല്ലുകൾ പൊട്ടുന്ന പലരെയും നമ്മൾ കണ്ടുകാണും. അസ്ഥിക്ഷയം എന്ന രോഗാവസ്ഥ നേരത്തെ തന്നെ ഉള്ളവരിലാണ് ഇങ്ങനെ പെട്ടെന്നുള്ള അസ്ഥി ഒടിയലുകളും പൊട്ടലുകളും ഉണ്ടാകുന്നത്. എന്നാൽ ഇത്തരം ഒരു പൊട്ടലോ ഒടിയലോ ഉണ്ടാകുന്നത് വരെ തങ്ങൾക്ക് ഇങ്ങനെയൊരു രോഗമുണ്ടായിരുന്നു എന്ന് ഇവർക്ക് തിരിച്ചറിയാൻ കഴിയില്ല. ഈ കാരണത്താലാണ് അസ്ഥിക്ഷയം നിശബ്ദ രോഗം എന്നറിയപ്പെടുന്നത്. മനുഷ്യ ശരീരത്തിലെ അസ്ഥികളിലെ ധാതുക്കളുടെ സാന്ദ്രത കുറഞ്ഞ് എല്ലുകൾ പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം.
ഒരു അസ്ഥിയുടെ ടിഷ്യൂവിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ അളവിനെ ആണ് അസ്ഥി സാന്ദ്രത എന്ന് പറയുന്നത്. നമ്മുടെ അസ്ഥികൂട വ്യവസ്ഥയെ മികച്ച രീതിയിൽ പ്രവർത്തനക്ഷമമാക്കി നിലനിർത്തുന്നതിൽ ഈ അസ്ഥികളുടെ സാന്ദ്രത വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സാന്ദ്രത കുറയുമ്പോൾ നമ്മുടെ എല്ലുകൾ ദുർബലപ്പെടും. ഇതാണ് അസാധാരണമായ രീതിയിൽ പെട്ടെന്നുള്ള അസ്ഥി ഒടിയലിലും പൊട്ടലിനും കാരണമാകുന്നത്.
പ്രായമാകുന്തോറും ശരീരത്തിലെ അസ്ഥികളിലെ ധാതുക്കളുടെ അളവ് കുറയുന്നതാണ്. ഓസ്റ്റിയോപീനിയ എന്നാണ് ഇത് അറിയപ്പെടുന്നത് . ഈ അവസ്ഥ തുടരുന്നത് അസ്ഥിക്ഷയത്തിലേക്ക് നയിക്കുന്നു. പൊതുവേ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 50 വയസ്സു കഴിഞ്ഞ സ്ത്രീകളിൽ 30 ശതമാനം പേർക്കും അസ്ഥി സാന്ദ്രത കുറയുന്നതുമൂലം അസ്ഥിക്ഷയം ഉണ്ടാകുന്നുണ്ട്. സ്ത്രീകളിൽ ആർത്തവവിരാമത്തിനു ശേഷമുള്ള ശരീരത്തിലെ ഹോർമോൺ മാറ്റങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
50 വയസ്സ് കഴിഞ്ഞ രണ്ടിലൊന്ന് സ്ത്രീകൾക്കും നാലിലൊന്ന് പുരുഷന്മാർക്കും അസ്ഥിക്ഷയം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
പുരുഷന്മാർക്കും അസ്ഥിക്ഷയം ഉണ്ടാകുമെങ്കിലും സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ 4 മടങ്ങ് അധികമായി ഉണ്ടാകുന്നു എന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആർത്തവവിരാമത്തോടെ സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറയുന്നത് അസ്ഥികളിലെ ധാതുക്കളുടെ ശോഷണത്തിനും ബലക്കുറവിനും കാരണമായിത്തീരും. പഠന റിപ്പോർട്ടുകൾ പ്രകാരം വണ്ണമുള്ളവരെ അപേക്ഷിച്ച് മെലിഞ്ഞിരിക്കുന്നവരിലാണ് അസ്ഥിക്ഷയം കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ളത്. പാരമ്പര്യം അസ്ഥിക്ഷയത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്.
കൃത്യമായ രീതിയിൽ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ C, വിറ്റാമിൻ K എന്നിവ ശരീരത്തിന് ലഭിക്കുന്നത് ഒരു പരിധിവരെ അസ്ഥികളിലെ ധാതുക്കളുടെ സാന്ദ്രത ശരിയായി നിലനിർത്താൻ സഹായിക്കുന്നതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക തുടങ്ങിയവയും സഹായകരമാണ്. കൃത്യമായി വ്യായാമം ചെയ്യുന്നതും അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഇതോടെല്ലാം ഒപ്പം അമിതമായ മദ്യം , സോഡിയം , കഫീൻ എന്നിവയുടെ ഉപയോഗവും പുകവലിയും ഒഴിവാക്കുന്നതും അസ്ഥികളുടെ ആരോഗ്യത്തിന് സഹായകരമാകുന്നതാണ്.
Discussion about this post